/sathyam/media/media_files/2025/11/12/v-2025-11-12-06-01-56.jpg)
ടൊറന്റോ: കനേഡിയൻ യുവതിക്ക് യുഎസിലേക്ക് പ്രവേശനം നിഷേധിച്ചതായി റിപ്പോർട്ട്. ഫ്ലോറിഡയിലുള്ള ഗ്രാന്റ് പാരന്റ്സിനെ സന്ദർശിക്കാനെത്തിയ 20 വയസ്സുള്ള കനേഡിയൻ യുവതിക്കാണ് യുഎസ് അതിർത്തിയിൽ പ്രവേശനം നിഷേധിച്ചത്. ടൊറന്റോയിലെ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യുഎസ് കസ്റ്റംസ് ഓഫീസർമാരാണ് ആറുമാസത്തെ യാത്രയ്ക്കായി എത്തിയ യുവതിയെ തടഞ്ഞത്. താൻ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ തെറിദ്ധരിച്ച്തായി യുവതി ആരോപിക്കുന്നു.
സ്കൂളിൽനിന്ന് ഇടവേള എടുത്ത യുവതിക്ക് നിലവിൽ ജോലിയൊന്നുമില്ല. ഇതാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നാൻ കാരണമായത്. ഈ സംഭവം അധികാര ദുർവിനിയോഗം ആണെന്ന് യുവതിയുടെ അമ്മ പ്രതികരിച്ചു.
രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അപേക്ഷ നിരസിച്ചതിന്റെ ഭാഗമായി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി നൽകിയ ചെക്ക്ലിസ്റ്റിൽ, യുവതിയുടെ കൈവശം മടക്ക ടിക്കറ്റിന്റെ തെളിവ് ഇല്ലെന്ന് കസ്റ്റംസ് ഓഫീസർ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്റെ വിവരങ്ങൾ താൻ നൽകിയതായി യുവതി വ്യക്തമാക്കുന്നു. കൂടാതെ, ജോലി ചെയ്യുന്നതിന്റെയോ പഠിക്കുന്നതിന്റെയോ തെളിവുകൾ ഹാജരാക്കാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു, എന്നാൽ അവധിയിലായതിനാൽ അതിന് യുവതിക്ക് കഴിഞ്ഞില്ല.
യുഎസ്സിലേക്ക് യാത്രചെയ്യുന്ന കനേഡിയൻ പൗരന്മാർ,പ്രത്യേകിച്ച് ജോലിയോ പഠനമോ ഇല്ലാത്തവർ, തങ്ങളുടെ യാത്രാ ഉദ്ദേശവും രാജ്യവുമായുള്ള ബന്ധവും തെളിയിക്കുന്ന രേഖകൾ കൂടുതൽ കരുതലോടെ കൈയിൽ കരുതണമെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us