ട്രംപിന്റെ മുൻകൂർ മാപ്പു ലഭിച്ചവരിൽ ഇന്ത്യക്കാരനും

New Update
G

2020 പ്രസിഡന്ററ് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ഫലങ്ങൾ തിരുത്താൻ ഡോണൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളിൽ പങ്കാളികളായ കൂടുതൽ പേർക്ക് അദ്ദേഹം മുൻകൂർ മാപ്പു നൽകിയെന്നു വെളിപ്പെടുന്നു.

Advertisment

അതിലൊരാൾ ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ ആക്ടിവിസ്റ്റ് സി ബി ചന്ദ്ര യാദവാണ്.

ട്രംപിന്റെ അഭിഭാഷകൻ ആയിരുന്ന റൂഡി ജൂലിയാനിയുടെ പേരാണ് ആ പട്ടികയിൽ പ്രമുഖം. മുൻകൂർ മാപ്പു നൽകുന്നത് അവർ ഫെഡറൽ പ്രോസിക്യൂഷനു ഇരകളാവുന്നതു തടയാനാണെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു. "ഈ മഹാന്മാരായ അമേരിക്കക്കാരെ ബൈഡൻ ഭരണകൂടം നരകതുല്യം പീഡിപ്പിച്ചു," അവർ അഭിപ്രായപ്പെട്ടു. യാദവ് പക്ഷെ ജോർജിയയിൽ സംസ്ഥാനതല പ്രോസിക്യൂഷൻ നേരിടാൻ സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താൻ ഗ്രാൻഡ് ജൂറി 2023ൽ ശുപാർശ ചെയ്‌തിരുന്നു. കൂട്ടുപ്രതികളുമുണ്ട്.

ജോർജിയയിൽ ജോ ബൈഡൻ ജയിച്ചപ്പോൾ വ്യാജമായി വോട്ട് സംഘടിപ്പിച്ചു തന്നെ വിജയിപ്പിക്കാൻ ട്രംപ് ഇവരോടൊക്കെ ആവശ്യപ്പെട്ടു എന്ന ആരോപണം ഉണ്ടായി. ഇലക്ടറൽ കോളജിലേക്കുള്ള ജോർജിയയുടെ പ്രതിനിധികളുടെ വ്യാജ പട്ടിക ഉണ്ടാക്കി അവിടെ ട്രംപിന്റെ വിജയം ഉറപ്പാക്കാനായിരുന്നു ശ്രമം.

ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന മാർക്ക് മെഡോസും മാപ്പു കിട്ടിയവരിൽ ഉൾപ്പെടുന്നു. നിയമപരമായ വിലക്കുള്ളതു കൊണ്ടു ട്രംപ് സ്വയം മാപ്പു നൽകിയിട്ടില്ല.

ഗ്രോസറികളും മോട്ടലുകളും നടത്തുന്ന ഗോപ് (ഗോപ്പ്) ഗ്രൂപ്പിൻറെ സി ഇ ഓ ആണ് യാദവ്.

Advertisment