/sathyam/media/media_files/2025/11/30/v-2025-11-30-05-47-42.jpg)
വൈറ്റ് ഹൗസിനടുത്തു ബുധനാഴ്ച്ച വെടിയേറ്റ നാഷണൽ ഗാർഡ് അംഗം സാറാ ബെക്സ്ട്രോം (20) മരണമടഞ്ഞതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച്ച അറിയിച്ചു.
"അവർ ഇപ്പോൾ മരിച്ചു. ഇനി നമ്മുടെ കൂടെയില്ല. ഇപ്പോൾ മുകളിൽ നിന്ന് നമ്മളെ കാണുന്നുണ്ടാവും," ദുഃഖഭരിതനായ ട്രംപ് യുഎസ് സൈനികർക്കു നൽകിയ താങ്ക്സ്ഗിവിങ് സന്ദേശത്തിൽ പറഞ്ഞു. "അസാമാന്യ വ്യക്തി ആയിരുന്നു, ഓരോ അർഥത്തിലും മികവുള്ളയാൾ.
"ഭീകരമായിപ്പോയി."
ഡ്യൂട്ടിയിൽ ആയിരുന്ന ബെക്സ്ട്രോമിനെ അഫ്ഘാൻ വംശജനായ റഹ്‌മാനുള്ള ലകൻവാൾ നെഞ്ചിലും തലയിലുമാണ് വെടിവച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുമ്പോൾ അവർ രക്ഷപെടാൻ സാധ്യതയില്ലെന്ന് പിതാവ് ഗാരി ബെക്സ്ട്രോം തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. "ഞാൻ ഇപ്പോൾ അവളുടെ കൈ പിടിച്ചിട്ടുണ്ട്. മാരകമായ മുറിവാണ്. അവൾ അതിനെ അതിജീവിക്കുമെന്നു തോന്നുന്നില്ല."
ബെക്സ്ട്രോം മരിച്ചതോടെ ലകൻവാളിന്റെ മേൽ കൊലക്കുറ്റം ചുമത്താൻ വകുപ്പായി. വധ ശിക്ഷ ഉറപ്പാക്കും വിധം കരുതിക്കൂട്ടിയുള്ള കൊലപാതകം ആരോപിക്കുന്ന ഫസ്റ്റ് ഡിഗ്രി മർഡർ ആണ് ചുമത്തുകയെന്നു അറ്റോണി ജനറൽ പാം ബോണ്ടി പറഞ്ഞു.
"ഞാൻ തകർന്നു പോയി," ബോണ്ടി എക്സിൽ കുറിച്ചു. "സാറയ്ക്കു വേണ്ടി പ്രാർഥിക്കുക. അവരുടെ കുടുംബത്തിനു വേണ്ടി പ്രാർഥിക്കുക. അമേരിക്ക ഒരിക്കലൂം അവരുടെ ധീരത മറക്കില്ല.
"സാറയ്ക്കു നീതി ലഭിക്കും. ആൻഡ്രൂവിനു വേണ്ടി തുടർന്നും പ്രാർഥിക്കുക. നന്ദി പ്രസിഡന്റ്, വധശിക്ഷ ഉറപ്പാക്കും."
ബെക്സ്ട്രോമിനൊപ്പം വെടിയേറ്റ നാഷണൽ ഗാർഡ് ആൻഡ്രൂ വോൾഫ് (24) ആശുപത്രിയിലാണ്. "അദ്ദേഹം ജീവനു വേണ്ടി പോരാടുകയാണ്," ട്രംപ് പറഞ്ഞു. "അദ്ദേഹത്തെ കുറിച്ച് നമുക്ക് ശുഭവാർത്ത ലഭിക്കുമെന്ന് ആശിക്കുന്നു. ഈ കുറ്റം ചെയ് ഭീകരനും ഗുരുതരാവസ്ഥയിലാണ്. പക്ഷെ നമുക്ക് അയാളെ കുറിച്ച് സംസാരിക്കേണ്ട."
ലകൻവാളിന്റെ കുടുംബത്തെ നാടുകടത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നു ട്രംപ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us