/sathyam/media/media_files/2025/11/02/yyy-2025-11-02-05-36-06.jpg)
ന്യൂ യോർക്ക് ക്വീൻസിലെ ല ഗാർഡിയ വിമാനത്താവളത്തിൽ യുണൈറ്റഡ് എയർലൈൻസിന്റെ രണ്ടു വിമാനങ്ങൾ വെള്ളിയാഴ്ച്ച കൂട്ടിമുട്ടി. ശക്തമായ കാറ്റും ജീവനക്കാരുടെ കുറവും മൂലം വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടിരിക്കുന്ന സമയത്താണ് അപകടം ഉണ്ടായത്.
എന്നാൽ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നു എയർപോർട്ട് അധികൃതരും എയർലൈനും അറിയിച്ചു.
ഒർലാണ്ടോയിൽ നിന്നു തിരിച്ചെത്തിയ ഒരു യുണൈറ്റഡ് വിമാനം അറൈവൽ ഗേറ്റിലേക്കു തിരിയുമ്പോൾ ടാക്‌സിവെയിൽ മറ്റൊരു യുണൈറ്റഡ് വിമാനത്തിന്റെ വാലിൽ ഉടക്കുകയായിരുന്നു എന്ന് എയർലൈൻ വക്താവ് പറഞ്ഞതായി 'ന്യൂ യോർക്ക് പോസ്റ്റ്' അറിയിച്ചു. ഹ്യൂസ്റ്റണിലേക്കു പറക്കേണ്ട രണ്ടാമത്തെ വിമാനം അപ്പോൾ നിശ്ചലമായിരുന്നു.
നിരവധി എമർജൻസി വാഹനങ്ങൾ കുതിച്ചെത്തി. രണ്ടു വിമാനങ്ങളും ഗേറ്റിലേക്കു നീങ്ങുകയും യാത്രക്കാരെ ഇറക്കുകയും ചെയ്തു. രണ്ടു വിമാനങ്ങളിലുമായി 328 യാത്രക്കാരും 15 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.
ഹ്യൂസ്റ്റൺ വിമാനം 90 മിനിറ്റ് വൈകിയാണ് പുറപ്പെടാൻ തയാറായി കിടന്നത്. മണിക്കൂറിൽ 45 മൈൽ വേഗത്തിൽ അടിക്കുന്ന കാറ്റു മൂലം വിമാനങ്ങൾ വൈകുന്നുവെന്നു ല ഗാർഡിയ നേരത്തെ അറിയിച്ചിരുന്നു. ഫ്ലൈറ്റുകൾ ശരാശരി രണ്ടേകാൽ മണിക്കൂർ വൈകിയെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ അഞ്ചു മണിക്കൂർ വരെ വൈകിയ ഫ്ലൈറ്റുകളുമുണ്ട്.
സർക്കാർ അടച്ചുപൂട്ടൽ മൂലം എഫ് എ എ മൗനത്തിലാണ്. അത് മഹാദുരന്തങ്ങൾക്കു കാരണമാവുമെന്നു ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി ആശങ്ക പ്രകടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us