" സലാം ഹബീബത്തീസ്‌": അനുപമമായ് ജിദ്ദ കെ എം സി സി വനിതാ വിംഗ് മീറ്റ് 2023

New Update
jiddah87833

ജിദാ:   കെ എം സി സി ജിദ്ദ സെൻട്രൽ കമ്മറ്റി  - വനിത വിങ് സംഘടിപ്പിച്ച "സലാം ഹബീബ്‌ത്തീസ്"  എന്ന പേരിലുള്ള  വനിതാ സംഗമം  വ്യത്യസ്തമായ പരിപാടികൾ ആകർഷകമായി.   തീർത്തും  വനിതകൾ  മാത്രമായി നേതൃത്വം നൽകി നടത്തിയ   കലാകായിക മാമാങ്കം  ആ നിലയിലും അനന്യമായി.

Advertisment

 പാലക്കാട് ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് ജമീല ടീച്ചർ വുമൺസ് മീറ്റ് ഉൽഘാടനം ചെയ്തു.   മുസ്ലിം ലീഗിന്റെ രൂപീകരണ കാലഘട്ടം മുതൽ സമകാലിക രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ  പ്രസക്തി വരെ അടിവരയിട്ട് വിശദീകരിച്ചു കൊണ്ടുള്ള ഉൽഘാടന പ്രസംഗം  പരിപാടിയുടെ മാറ്റ് കൂട്ടി.  

യോഗത്തിൽ റിയാദിൽ വെച്ച്  നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുത്ത മലയാളി പെൺകുട്ടി ഫാത്തിമ നൂറ വഫിയക്ക്‌ സ്വീകരണം നൽകി. പ്രസിഡന്റ് മുംതാസ് പാലോളിയുടെ അധ്യക്ഷതയിൽ ചേർന്ന ഉൽഘാടനച്ചടങ്ങിൽ ജനറൽ സെക്രട്ടറി ഷമീല മൂസ സ്വാഗതവും കുബ്ര ലത്തീഫ് നന്ദിയും പറഞ്ഞു.
 
അല്ലാഹുവിൻറെ അതിഥികളായി മക്കയിലെത്തുന്ന ആയിരക്കണക്കിന് ഹാജിമാർക്ക് വേണ്ടി സേവനം ചെയ്യുന്ന സൗദി കെഎംസിസി ഹജ്ജ് സെല്ലിൻറെകൂടെ ഹാജിമാർക്ക് ഭക്ഷണമൊരുക്കുന്നതിൽ പങ്ക് വഹിച്ചു കൊണ്ടും മിനായിൽ ഹജ്ജ് വളണ്ടിയറായും വർഷങ്ങളായി നിശ്ശബ്ദസേവനത്തിൻറെ മഹിളാസാന്നിധ്യമായി മാറിയ കെഎംസിസി വനിതാവിംഗിൻറെ മുതിർന്ന അംഗം ഫാത്തിമാ സിദ്ദീഖ് അവർകളെ ജിദ്ദ കെഎംസിസി വനിതാവിംഗ് യോഗത്തിൽ വെച്ച് ആദരിച്ചു. 

ജീവകാരുണ്യ രംഗത്ത് പെൺകരുത്തായി ശോഭിക്കുന്ന കെഎംസിസി വനിതാ വിങ്ങിന്റെ ഉപാധ്യക്ഷ കൂടിയായ സലീന ഇബ്രാഹിമിന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി വനിത വിങ്ങിന്റെ സ്നേഹാദരം യോഗത്തിൽ വെച്ച്  കൈമാറി. 

കൂടാതെ ഇക്കഴിഞ്ഞ സിബിഎസ്ഇ എസ്എസ്എൽസി പരീക്ഷയിൽ  ജിദ്ദ ഇന്ത്യൻ സ്‌കൂളിലെ  വിദ്യാർത്ഥികൾക്കിടയിൽ 96.4 ശതമാനം മാർക്ക് നേടി 6th റാങ്കോട് കൂടി ഉന്നതവിജയം കൈവരിച്ച കോഴിക്കോട് ജില്ലാ കെഎംസിസി നേതാവായ അബ്ദുൽ വഹാബിന്റെയും വനിതാവിംഗ് എക്സിക്കുട്ടീവ് അംഗമായ ശാലിയാ അബ്ദുൽ വഹാബിന്റെയും പുത്രിയായ ആയിഷ ഷെസ യെ യോഗത്തിൽ വെച്ച് അനുമോദിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന സ്തനാർബുദ ബോധവത്കരണ സെഷൻ ജിദ്ദയിലെ അൽഅബീർ മെഡിക്കൽ സെന്ററിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും ഐ വി  എഫ് സ്‌പെഷലിസ്റ്റുമായ ഡോ: സാജിറ ജാഫർ ഖാൻ നേതൃത്വം നൽകി.

നൂറ് കണക്കിന് വനിതകൾ പങ്കെടുത്ത ചടങ്ങിൽ ഈ കാലഘട്ടത്തിൽ സാധാരണയായി സ്ത്രീകളിൽ കണ്ടു വരുന്ന സ്തനാർബുദത്തെ സംബന്ധിച്ചുള്ള മുൻകരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വളരെ വിശദമായിത്തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തുഷ്ടയാണെന്ന് ഡോക്ടർ സാജിറ പറഞ്ഞു. 

2023 ഹജ്ജ് വളണ്ടിയർ സേവനത്തിൽ പങ്കെടുത്ത വനിതകൾ അവരുടെ അനുഭവങ്ങളും അവരുടെ ആത്മ സംതൃപ്തിയും  സംഗമത്തിൽ പങ്ക് വെച്ചു. ഹജ്ജ് വളണ്ടിയർ സേവനം ഞങ്ങൾക്ക് ഒരു പുത്തൻ അനുഭവമായിരുന്നെന്നും അടുത്ത ഹജ്ജ് വളണ്ടിയർ സേവനത്തിന് പോവാൻ ഞങ്ങൾ കാത്തിരിക്കുകയാണെന്നും വളണ്ടിയർമാർ സംഗമത്തിൽ പറഞ്ഞു. 

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മുമ്പ് നടത്തിയ ഓർമ്മകളിലെ സി.എച്ച് എന്ന പേരിൽ നടത്തിയ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനം സംഗമത്തിൽ വെച്ച് വിതരണം നടത്തി.

മുസ്ലിം വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച സി എച്ചിനെക്കുറിച്ചും  അദ്ദേഹം സമൂഹത്തിനും വനിതകൾക്കും നൽകിയ സേവനത്തെക്കുറിച്ചും ആഴത്തിൽ പഠിക്കാൻ ഈ പ്രസംഗ മത്സരം കാരണമായെന്ന് മത്സരത്തിൽ പങ്കെടുത്തവർ പറഞ്ഞു. 

 വനിതകൾക്കും കുട്ടികൾക്കുമായി രസകരമായ മത്സരങ്ങൾ സങ്കടിപ്പിച്ചു. സബ് ജൂനിയർ വിഭാഗം കുട്ടികൾക്കായി മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, ബോൾ പാസ്സിങ് തുടങ്ങിയ മത്സരങ്ങൾ ബസ്മ സാബിൽ, മിസ്‌രിയ ഹമീദ്, സുരയ്യ, ഇർഷാദ ഇല്യാസ്, സലീന ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.

ജൂനിയർ വിഭാഗം കുട്ടികൾക്കായി മെമ്മറി ടെസ്റ്റ്‌, മ്യൂസിക്കൽ ചെയർ, ബലൂൺ ചവിട്ടിപ്പൊട്ടിക്കൽ, മുസ്ലിം ലീഗ്  നേതാക്കളുടെ മുഖങ്ങൾ ആസ്പദമാക്കി പസിൽ മത്സരം  തുടങ്ങിയ ഇനങ്ങൾ സാബിറ മജീദ്, ശാലിയ വഹാബ്, ഹസീന അഷ്‌റഫ്, ഹാജറ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി. 

സീനിയർ വിഭാഗം വനിതകൾക്കായി മ്യൂസിക്കൽ ചെയർ, ലെമൺ സ്പൂൺ, മുസ്ലിം ലീഗുമായി ബന്ധപ്പെട്ട ചോദ്യാവലി, ബലൂൺ ഗെയിംസ് മുതലായ മത്സരങ്ങൾ ജസ്‌ലിയ ലത്തീഫ്, ജംഷിന, നസീമ ഹൈദർ, നസീഹ മർജാൻ, ഖദീജ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment