കേളി ഫുട്ബോൾ സമ്മാന പദ്ധതി: സമ്മാനങ്ങൾ വിതരണം ചെയ്തു

New Update
keli

റിയാദ് : പത്താമത് കേളി ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി കാണികൾക്കായി ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ പദ്ധതിയിലെ സമ്മാനങ്ങൾ വിതരണം ചെയ്തു.റിയാദ് അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പരിപാടി  ഉദ്‌ഘാടനം ചെയ്തു.  

Advertisment

ചടങ്ങിൽ കുദു മാർക്കറ്റിങ് മാനേജർ പവിത്രൻ, ചെറീസ് റെസ്റ്റോറന്റ് എംഡി സജി ജോർജ് എന്നിവരും സന്നിഹിതരായി. കേളി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമ്മാനപദ്ധതി ഏർപ്പെടുത്തിയത്. കഴിഞ്ഞ ഒൻപത് തവണയും വ്യത്യസ്ഥങ്ങളായ സമ്മാന പദ്ധതികളാണ് കേളി ഏർപ്പെടുത്തിയിട്ടുള്ളത്.  

തുടക്കത്തിൽ കറി പൗഡറുകളും എയർ ടിക്കറ്റുകളുമായിരുന്നു സമ്മാനങ്ങളായി നൽകിയിരുന്നതെങ്കിൽ പിന്നീട് ഒന്നാം സമ്മാനങ്ങളായി കാറും, പത്ത് പവൻ സ്വർണ്ണവും, 14 സ്കൂട്ടറുകളും, തുടങ്ങി,  വ്യത്യസ്ഥങ്ങളായ സമ്മാനങ്ങൾ പ്രവാസികൾക്കായി നൽകാൻ കേളിക്ക് കഴിഞ്ഞു.

പത്താമത് ടൂർണമെന്റിന്റെ ഭാഗമായി  13 സ്കൂട്ടറുകളും 132 ഗ്രാം സ്വർണ്ണവുമാണ് 26 പേർക്കായി  ഏർപ്പെടുത്തിയിരുന്നത്. കൂടാതെ ഏരിയാ തലത്തിൽ നൂറിലേറെ സമ്മാനങ്ങൾ വേറെയും ഏർപ്പെടുത്തിയിരുന്നു.  

കേളിയുടെ 12 ഏരിയ കമ്മറ്റികളുടെ കീഴിലും, കുടുംബ വേദിയുടെ കീഴിലും ഒന്നാം സമ്മാനമായി ഒരു സ്കൂട്ടറും രണ്ടാം സമ്മാനമായി സ്വർണ്ണ നാണയവുമാണ് നൽകിയിട്ടുള്ളത്. സ്കൂട്ടറുകൾ നാട്ടിലാണ് വിതരണം ചെയ്യുക. പ്രതീകാത്മകമായി ചടങ്ങിൽ താക്കോലുകൾ കൈമാറി.

കേളി രക്ഷാധികാരി അംഗങ്ങൾ, കേന്ദ്രകമ്മറ്റി അംഗങ്ങൾ, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവരും വളണ്ടിയറായി സേവനമനുഷ്ഠിച്ച മണിയനും സമ്മാനങ്ങൾ വിതരണം ചെയ്തു.

സമ്മാനർഹരിൽ ഒട്ടനവധി പേർ 'ഹൃദയപൂർവ്വം കേളി' പൊതിച്ചോർ പദ്ധതിയിലേക്ക് സമ്മാനത്തിന്റെ ഒരു വിഹിതം സംഭാവന ചെയ്തു. സമ്മാനപദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ബത്ത ഏരിയ സെക്രട്ടറി രാമകൃഷ്ണനെ കേളി സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് പൊന്നാടയണിച്ചു ആദരിച്ചു.  

ഫുട്‌ബോൾ ടൂർണ്ണമെന്റിൽ അച്ചടക്കമുള്ള ടീമായി തിരഞ്ഞെടുത്ത റെയിൻബോ സോക്കറിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും ടൂർണമെന്റ് ടെക്‌നിക്കൽ കൺവീനർ ഷറഫുദ്ധീൻ ചടങ്ങിൽവെച്ച് കൈമാറി.  

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സമ്മാന പദ്ധതിയുടെ കോഡിനേറ്റർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.

Advertisment