/sathyam/media/media_files/xLdzFB6gmnjC7wLMWvgY.jpg)
റിയാദ്: ആശ്രയ സാന്ത്വന കേന്ദ്രത്തിൽ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് കേളി കലാസാംസ്കാരിക വേദിയുമായി ഉണ്ടാക്കിയ ധാരണാപത്രം കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന് കൈമാറി.
മലബാർ ക്യാൻസർ സെന്ററിൽ (എംസിസി) എത്തുന്ന വിദൂര ദേശങ്ങളിൽ നിന്നടക്കമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും, കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രമായ 'ആശ്രയ' നൽകുന്ന സാന്ത്വനത്തിനും പരിചരണത്തിനും റിയാദ് കേളിയുടെ കൈതാങ്ങാണ് ഭക്ഷണ വിതരണം.
തലശ്ശേരിയുടെ മുൻ എം.എൽ.എയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഇച്ഛാശക്തിയിലും ആർജ്ജവത്തിലുമാണ് 2016 ൽ ക്യാൻസർ സെന്ററിനടുത്ത് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചത്.
പ്രവാസി വ്യവസായിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഒ.വി മുസ്തഫ ചെയർമാനായും സ്ഥലം എംഎൽഎ യും നിയമസഭാ സ്പീക്കറുമായ അഡ്വ: എ.എൻ ഷംസീർ വർക്കിംഗ് ചെയർമാനായും കെ. അച്യുതൻ സെക്രട്ടറിയായും എം.വി ബലറാം ട്രഷററുമായുള്ള കമ്മിറ്റിയാണ് ഈ ജീവകാരുണ്യ പ്രസ്ഥാനത്തെ നയിക്കുന്നത്. കോടിയേരി ബാലകൃഷ്‌ണന്റെ മരണാനന്തരം കേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേര് നൽകുകയായിരുന്നു.
എംസിസിയിൽ നിത്യേനയുള്ള ചികിത്സക്കായി എത്തുന്ന രോഗികൾക്കും സഹായികൾക്കും പ്രത്യേകിച്ച് വിദൂര ദേശങ്ങളിൽ നിന്നുമുള്ളവർക്ക് സൗജന്യമായി താമസവും ഭക്ഷണവും വിശ്രമ കേന്ദ്രവും നൽകുന്ന ആശ്രയയുടെ പ്രവർത്തനങ്ങൾ നൂറുകണക്കിന് ആളുകൾക്കാണ് സഹായമാകുന്നത്.
കേളി കലാസാംസ്കാരിക വേദിയുടെയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിൽ പ്രഖ്യാപിച്ച 'ഹൃദയപൂർവം കേളി' ഒരു ലക്ഷം പൊതിച്ചോർ വിതരണ പദ്ധതിയുടെ ഭാഗമായി ആശ്രയയിൽ എത്തുന്ന രോഗികൾക്കും സഹായികൾക്കും ആറുമാസത്തെ ഭക്ഷണം വിതരണം ചെയ്യാനാണ് കേളി തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ് കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന് കൈമാറി.
ആശ്രയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സാന്ത്വന കേന്ദ്രത്തിന്റെ സെക്രട്ടറി അച്യുതൻകുട്ടി സ്വാഗതം പറഞ്ഞു.
നോർക്ക റൂട്‌സ് ഡയറക്ടറും ലോക കേരള സഭ അംഗവും ഒകെഐഎച്ച് വൈസ് ചെയർമാനും ആശ്രയ സൊസൈറ്റി ചെയർമാനുമായ ഒ.വി മുസ്തഫ അധ്യക്ഷത വഹിച്ചു. നിയമ സഭാ സ്പീക്കർ എഎൻ ഷംസീർ ധാരണാ പത്രം ഏറ്റുവാങ്ങികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
കേളി മുൻ രക്ഷധികാരി സെക്രട്ടറിയും മൊകേരി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വത്സൻ ആശംസ അർപ്പിച്ചു സംസാരിച്ചു. കേളി മുൻ അതീക്ക ഏരിയ രക്ഷധികാരി സെക്രട്ടറിയായിരുന്ന രവി പാനൂർ നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us