ചില്ല നവംബർ വായനയിൽ ശൈലന്റെ രാഷ്ട്രമീമാംസ

New Update
keli riyadh-3

റിയാദ്: കാലത്തെ അടയാളപ്പെടുത്തുന്ന ആധുനിക കവിതകളും യാത്രകളിലെ കാഴ്ചകൾക്ക് ഉപരി, അനുഭവങ്ങൾ പങ്കുവയ്ക്കുന്ന യാത്രാക്കുറിപ്പുകളുമായി മലയാളസാഹിത്യലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ശൈലന്റെ രാഷ്ട്രമീമാംസ എന്ന കവിതാസമാഹാരത്തിലെ കവിതകൾ അവതരിപ്പിച്ചുകൊണ്ട് ചില്ല നവംബർ വായനക്ക് വിപിൻ കുമാർ തുടക്കം കുറിച്ചു.

Advertisment

ജീവിതത്തെയും അനുഭവത്തെയും പാരമ്പര്യവഴികളിൽ നിന്നുമാറിയുള്ള സവിശേഷമായ കാവ്യാനുഭവമാക്കി മാറ്റാൻ കഴിയുന്നവയാണ് ശൈലന്റെ കവിതകൾ. ഈ കാലഘട്ടത്തിൽ ഏതൊരു രാഷ്ട്രീയ ബോധമുള്ള മനുഷ്യന്റെയും മനഃസാക്ഷിയെ മഥിക്കുന്ന യഥാർത്ഥ വേദനയും രാഷ്ട്രമീമാംസയെ രാഷ്ട്രമീ-മാംസയാക്കി വിഗ്രഹിച്ച് വിഭജിക്കുന്ന വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയവും എഴുതുന്നത് മാത്രമല്ല ശ്വസിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും എല്ലാം പൊളിറ്റിക്കൽ ആയിരിക്കേണ്ട ഒരു കാലത്തിന്റെയും ഉത്തമബോധ്യങ്ങളാണ് രാഷ്ട്രമീമാംസയിലെ കവിതകൾ.

തമിഴകത്തെ ദ്രാവിഡ ജനമുന്നേറ്റങ്ങളുടെ ധൈഷണിക നേതൃത്വം വഹിച്ച, പെരിയാർ ഇ.വി. രാമസ്വാമിയുടെ സംഭവ ബഹുലമായ  ജീവിതം ആധാരമാക്കി, ചിന്തകനും ദ്രാവിഡ കഴകം പ്രചാരകനുമായ മജ്ഞയ് വസന്തന്‍ രചിച്ച  "പെരിയാർ - ജീവിതവും ചിന്തകളും " എന്ന പുസ്തകത്തിന്റെ വായനാസ്വാദനം  ജോമോൻ സ്റ്റീഫൻ നിർവഹിച്ചു. ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണ മേധാവിത്വത്തിനും എതിരെ പടപൊരുതിയ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വലിയ പോരാട്ടങ്ങൾ നടത്തിയ പെരിയോർ  ഇ. വി രാമസ്വാമി നായ്ക്കരുടെ ജീവിതവും ചിന്തകളും ജോമോൻ സ്റ്റീഫൻ സദസുമായി പങ്കുവച്ചു.

സമൂഹത്തിലെ ഗുരുതര പ്രശ്നങ്ങളിലൊയ ജാതി, ബ്രാഹ്മണമേധാവിത്വം, ബ്രാഹ്മണരുടെ ചൂഷണം എന്നിവക്കെതിരെ പെരിയാര്‍ നിരന്തരം ശബ്ദിച്ചു. ബ്രാഹ്മണിക്കല്‍ യാഥാസ്ഥിതികത്വത്തിന്റെ അടിമത്തത്തില്‍ നിന്ന് നമ്മള്‍ പുറത്തുവരണം. ജാതി, മതം, വര്‍ഗീയ മേധാവിത്വം എന്നിങ്ങനെയുള്ള പൗരാണിക അധീശത്വങ്ങള്‍, അതായത് അച്ഛന്റെ കുലത്തൊഴില്‍ മകന്‍ ചെയ്യണം, പഠിക്കാന്‍ പാടില്ല, കാലങ്ങളായി നിലനില്‍ക്കുന്ന ചെറിയ വട്ടത്തിനുള്ളില്‍ തന്നെ ആ കുടുംബം ഒതുങ്ങിക്കൂടണം തുടങ്ങിയ പ്രതിലോമ ചിന്തകൾക്കെതിരെ യുള്ള പോരാട്ടവും ദ്രാവിഡരാഷ്‌ടീയവുമൊക്കെ സദസിന്റെ ചർച്ചക്ക് വിധേയമായി.

നാസർ കാരക്കുന്ന്, സീബ കൂവോട്, ഐ. പി ഉസ്മാൻ കോയ, പ്രദീപ് ആറ്റിങ്ങൽ, സതീഷ് വളവിൽ തുടങ്ങിയവർ ചർചയിൽ പങ്കെടുത്തു.  സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു.

Advertisment