Advertisment

റഫ്രിജറേറ്ററും, വാഷിംഗ് മെഷിനും നല്‍കി,ഫോര്‍ച്ചൂണര്‍ വാങ്ങാന്‍ 20 ലക്ഷം വീണ്ടും ആവശ്യം:സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച് അവശയാക്കി പശുത്തൊഴുത്തില്‍ പൂട്ടിയിട്ടു

New Update

ലക്‌നൗ: ഭര്‍ത്തൃവീട്ടുകാര്‍ ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് അഞ്ചു മാസം ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി പശുത്തൊഴുത്തില്‍ പൂട്ടിയിട്ടു. ഇരുപത്തിയെട്ടുകാരനായ ഭര്‍ത്താവും കുടുംബവും ആണ് ഗര്‍ഭിണിയായ സ്ത്രീയോട് അതിക്രൂരത കാട്ടിയത്. യുവതിയെ പശുത്തൊഴുത്തില്‍ പൂട്ടിയിട്ട ശേഷം കൂടുതലായി ആവശ്യപ്പെട്ട സ്ത്രീധന തുക കൈക്കലാക്കുകയായിരുന്നു ഭര്‍ത്തൃവീട്ടുകാരുടെ ലക്ഷ്യം. മകളെ കാണാനില്ലെന്ന് അച്ഛന്റെ പരാതിയില്‍ പോലീസെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ നോയിഡയിലായിരുന്നു സംഭവം.

Advertisment

publive-image

വിവാഹത്തിനു സ്ത്രീധനമായി 15.5 ലക്ഷവും, റഫ്രിജറേറ്ററും, വാഷിംഗ് മെഷീനും നല്‍കിയിരുന്നുവെന്നും. പിന്നാലെ ഫോര്‍ച്ചൂണര്‍ കാര്‍ വാങ്ങാന്‍ 20 ലക്ഷം അധികമായി ആവശ്യപ്പെടുകയായിരുന്നുവെന്നും പിതാവ് പറയുന്നു.

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കളെയും സഹോദരനേയും പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാത്രിയോടെയാണ് പശുത്തൊഴുത്തില്‍ നിന്ന് പൂട്ടിയിട്ട നിലയില്‍ യുവതിയെ കണ്ടെത്തിയത്. യുവതി കൈലാഷ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. മാനസികമായി തകര്‍ന്ന നിലയിലായിരുന്നു യുവതിയെന്നും നിലവില്‍ സാധാരണ സ്ഥിതിയിലേക്ക് തിരിച്ചു വരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

2017 ഡിസംബറിലായിരുന്നു യുവതിയുടെ വിവാഹം. ഒരു മാസം പിന്നിട്ടപ്പോള്‍ മുതല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മകള്‍ക്കു ഭര്‍ത്തൃവീട്ടില്‍ കടുത്ത പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് യുവതിയുടെ പിതാവ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി മകളും ഭര്‍ത്താവും തമ്മില്‍ വഴക്ക് നടക്കുകയാണെന്നും നേരിട്ടെത്തി ഇടപെടണമെന്നും ഭര്‍ത്താവിന്റെ പിതാവ് തന്നെ വിളിച്ച് അറിയിച്ചുവെന്ന് യുവതിയുടെ പിതാവ് പറയുന്നു. ഈ സമയത്ത് അവിടെ എത്താന്‍ സാധിക്കില്ലെന്ന് മറുപടിയും നല്‍കി. പിന്നാലെ മകളെ കാണാനില്ലെന്ന് അവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്തൃവീട്ടിലേക്ക് യുവതിയുടെ വീട്ടുകാര്‍ എത്തി തിരക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Advertisment