Advertisment

രാഹുലിന് പകരം  പ്രിയങ്ക മതിയെന്ന്‌ ആവശ്യം ; പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായേക്കും ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം അനാഥമായി കിടക്കുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ കാര്യമായി പ്രതികരിക്കുന്നില്ല. പുതിയ അധ്യക്ഷനെ എന്ന് തിരഞ്ഞെടുക്കുമെന്നോ, ആരായിരിക്കും പുതിയ അധ്യക്ഷനെന്നോ തുടങ്ങി പ്രാഥമിക വിവരങ്ങള്‍ പോലും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് ലഭിക്കാത്ത സ്ഥിതി വിശേഷമാണ്. രാഹുല്‍ ഗാന്ധിക്ക് പകരം ആരെ അധ്യക്ഷനാക്കണം എന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഇതുവരെ ധാരണയായിട്ടില്ല.

Advertisment

publive-image

ചര്‍ച്ചകള്‍ തുടരുകയാണ്. ഈ ആഴ്ച തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കളുടെ നിലപാട് സുപ്രധാനമായിരിക്കും. സോണിയ ഗാന്ധി, മന്‍മാഹൻ സിങ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളുടെ നിലപാടിനായിരിക്കും മുന്‍തൂക്കം.

പ്രവര്‍ത്തക സമിതി യോഗത്തില്‍ പുതിയ അധ്യക്ഷനെ കുറിച്ച് ധാരണയാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം, രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്ന വലിയ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ട്.

എന്നാല്‍, പ്രിയങ്ക ഗാന്ധിക്കായി പരസ്യമായ ചര്‍ച്ചകളോ ധാരണകളോ പാര്‍ട്ടിയില്‍ നടന്നിട്ടില്ല. കാരണം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി രാജിവയ്ക്കുമ്പോള്‍ അടുത്ത അധ്യക്ഷന്‍ നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നാകരുത് എന്ന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത ഒരാളായിരിക്കും പുതിയ അധ്യക്ഷനാകേണ്ടത് എന്നാണ് രാഹുല്‍ അന്ന് പറഞ്ഞത്. അതിനാല്‍ തന്നെ പ്രിയങ്കക്കായി സമ്മര്‍ദം ചെലുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധൈര്യമില്ല. സോണിയ ഗാന്ധിയും പ്രിയങ്ക അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനോട് യോജിക്കുന്നില്ല.

 

 

Advertisment