കോട്ടയം: അടുത്ത അഞ്ചുവര്‍ഷം വിലക്കയറ്റുമുണ്ടാകില്ലായെന്നു സത്യപ്രതിജ്ഞാദിവസം പ്രഖ്യാപനം നടത്തിയ പിണറായി സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങളുടെ വില വാണംപോലെ കുതിച്ചുയര്‍ന്നിട്ടും അതറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി എക്സ്.എം.എല്‍.എ. ആരോപിച്ചു.
യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും സര്‍ക്കാരിന്റെ ധൂര്‍ത്തിനുമെതിരെ കോട്ടയം സിവില്‍ സപ്ലൈസ് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സബ്സിഡി നല്കി സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്ന മാവേലി സ്റ്റോര്‍ അടക്കമുള്ള സപ്ലൈകോ സ്ഥാപനങ്ങളിലും ഭീമമായ തോതില്‍ വിലകൂട്ടി സര്‍ക്കാര്‍ സാധാരണക്കാരെ കൈയൊഴിഞ്ഞിരിക്കുകയാണ്. സബ്സിഡി നല്‍കാനും ബില്ലുകള്‍ മാറാനും പണമില്ലാതെ ട്രഷറി നിയന്ത്രണം നിലനില്ക്കുമ്പോള് മന്ത്രിമാര്‍ കുടുംബസമേതം വിദേശങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തി ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുകയാണ്.
റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നതെന്നും ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എം.എല്‍.എ., കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, പ്രിന്‍സ് ലൂക്കോസ്, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജന് തൊടുക, വിജി എം. തോമസ്, ജോസഫ് ചാമക്കാല, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, ജോജി കുറത്തിയാടന്‍, ശ്രീകാന്ത് എസ്. ബാബു, ബിജു കുന്നേപ്പറമ്പില്‍, ഷാജി പുളിമൂടന്‍, അന്‍സാരി പാലയംപറമ്പില്‍, വിജയ് ജോസ്, ഗൗതം എം. നായര്‍, കുഞ്ഞുമോന് മാടപ്പാട്ട്, അഭിലാഷ് തെക്കേതില്‍, ഡിനു കിങ്ങണംചിറ, ജോഷി തെക്കേപ്പുറം, ലാല്‍ജി മാടത്താനിക്കുന്നേല്‍, ബിജു പാതിരമല, മനോജ് മറ്റമുണ്ട, മഹേഷ് ചെത്തിമറ്റം, തോമസുകുട്ടി വരിക്കയില്‍, കുര്യന് വട്ടമല, ഷാജി പുതിയാപറമ്പില്‍, ജോഷി മൂഴിയാങ്കല്‍, ഷിജി നാഗനൂലില്‍, സോജന് ആലക്കുളം, ബിജു പാണ്ടിശ്ശേരി, ആല്ബിന് പേണ്ടാനം, സച്ചിന് കളരിക്കല്‍, ഷോജി ആയിലിക്കുന്നേല്‍, സുനില്‍ പയ്യപ്പള്ളി, ജൂബിള്‍ പുതിയമഠം, ഷിബു ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.