രാഹുലിനെ പ്രധാന മന്ത്രിയാക്കണമെന്ന് ദേവഗൗഡയും ,സ്റ്റാലിനും , ചന്ദ്രബാബു നായിഡുവും : ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവിയെന്ന ആവശ്യം അംഗീകരിച്ചാല്‍ രാഹുലിന് പിന്തുണയെന്ന് കെജ്രിവാളും ; മമതയോ മായാവതിയോ പ്രധാനമന്ത്രിയാകണമെന്ന് ശരദ്പവാര്‍ , പിന്തുണച്ച് അഖിലേഷ് : ബിജെപിയ്ക്ക് 200 സീറ്റില്‍ താഴെയെങ്കില്‍ ചന്ദ്രശേഖര റാവുവിന്റെ പിന്തുണയും രാഹുലിന് തന്നെ ; പ്രധാനമന്ത്രിയാകാൻ പ്രതിപക്ഷത്ത് ചരടുവലികൾ മുറുകുന്നു 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 18, 2019

ഡല്‍ഹി : പ്രധാനമന്ത്രിയാകാൻ പ്രതിപക്ഷത്ത് ചരടുവലികൾ മുറുകുന്നു. രാഹുലിനും മമതയ്ക്കും മായാവതിക്കുമായി അണിയറ നീക്കങ്ങൾ ശക്തമായി .ജനതാദൾ സെക്കുലർ നേതാവും മുൻ പ്രധാന മന്ത്രിയുമായ എച്ച് ഡി ദേവഗൗഡ, ഡി എം കെ നേതാവ് സ്റ്റാലിൻ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ രാഹുൽ ഗാന്ധിയെ ഈ സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നവരാണ്.

മറ്റ് കക്ഷികളെ ഈ കാര്യത്തിൽ ഒപ്പം നിർത്താൻ ദേവഗൗഡ തന്നെ നേരിട്ട് രംഗത്തിറങ്ങുമെന്ന് മകനും കർണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി അറിയിച്ചു.

ഡൽഹിക്കു പൂർണസംസ്ഥാനപദവിയെന്ന ആവശ്യം അംഗീകരിച്ചാൽ എ.എ.പി. നേതാവ് അരവിന്ദ് കെജ്‌രിവാളും രാഹുലിനെ പിന്തുണയ്ക്കാമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.എൻ.സി.പി. നേതാവ് ശരദ്പവാർ ആഗ്രഹിക്കുന്നത് മമ്തയോ മായാവതിയോ ഈ സ്ഥാനത്തേക്ക് വരണമെന്നാണ്. എസ്.പി. നേതാവ് അഖിലേഷ് യാദവും ഈ നിർദേശത്തെ എതിർക്കില്ല.

ബിജെപി,കോൺഗ്രസ് ഇതര സർക്കാരുണ്ടാക്കി അതിന്റെ അമരത്തെത്താമെന്ന പ്രതീക്ഷയുമായി ചില നീക്കങ്ങൾ നടത്തിയ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഈ ശ്രമം ഏകദേശം ഉപേക്ഷിച്ചു കഴിഞ്ഞു.ബിജെപി 200ൽ താഴെ സീറ്റ് മാത്രമേ നേടുകയുള്ളുവെങ്കിൽ ഇദ്ദേഹവും രാഹുൽ ഗാന്ധിയെ പിന്തുണച്ചേക്കും.

×