Advertisment

കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കള്‍

New Update

publive-image

Advertisment

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കക്കോടി ചോയി ബസാര്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയുടെ കാരണമെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും ബസ് ഉടമയും പറഞ്ഞു.

ലോക്ക്ഡൗണ്‍ മൂലം കനത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സ്വകാര്യ ബസ് മേഖല. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതോടെ ബസ് ചാര്‍ജ വര്‍ധിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചത് ഈ മേഖലയ്ക്ക് കനത്ത ആഘാതവുമായി. തുടര്‍ന്ന് സന്തോഷ് ജോലി ചെയ്യുന്നതുള്‍പ്പെടെയുള്ള ബസുകള്‍ തിങ്കളാഴ്ച ഓടേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

തിങ്കളാഴ്ച മുതല്‍ ജോലിക്ക് പോകാമെന്നുള്ള പ്രതീക്ഷയിലായിരുന്നു സന്തോഷെന്ന് വീട്ടുകാര്‍ പറയുന്നു. സന്തോഷിന്റെ വരുമാനമായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഏക ആശ്രയം.

ഒരു ലോറിയില്‍ ജോലി കിട്ടിയെന്ന് പറഞ്ഞ് ശനിയാഴ്ചയാണ് സന്തോഷ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഞായറാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Advertisment