Advertisment

പ്രിയം ഗാർഗ് ‘പഠനത്തിലാണ്’! ;തന്റെ കൈവശമുള്ള മഹേന്ദ്രസിങ് ധോണിയുടെ വിഡിയോകൾ കണ്ട്, എങ്ങനെ ഒരു മികച്ച ക്യാപ്റ്റനാകാം എന്ന പഠനത്തിൽ!

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

കലാശക്കളിയിൽ ബംഗ്ലദേശിനോടു തോൽവി വഴങ്ങിയെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖ്യധാരയിൽ കുറച്ചുകാലത്തേക്ക് താനുമുണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് പ്രിയം ഗാർഗ് ലോകകപ്പ് വേദി വിട്ടത്. ചോരത്തിളപ്പിന്റെ പ്രായത്തിലും സാക്ഷാൽ മഹേന്ദ്രസിങ് ധോണിയെ അനുസ്മരിപ്പിക്കുന്ന ശാന്തതയോടെ ഇന്ത്യൻ യുവനിരയെ നയിച്ച പ്രിയം ഗാർഗ്, ഇപ്പോൾ ‘പഠനത്തിലാണ്’! തന്റെ കൈവശമുള്ള മഹേന്ദ്രസിങ് ധോണിയുടെ വിഡിയോകൾ കണ്ട്, എങ്ങനെ ഒരു മികച്ച ക്യാപ്റ്റനാകാം എന്ന പഠനത്തിൽ!

Advertisment

publive-image

‘ധോണി സാറാണ് എന്റെ മാതൃക. എന്റെ പ്രചോദനവും മാതൃകാ താരവും അദ്ദേഹമാണ്. ബാറ്റിങ്ങിന്റെ കാര്യത്തിലും ക്യാപ്റ്റൻസിയുടെ കാര്യത്തിലും അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് എനിക്ക് ഇഷ്ടം. ഏത് സാഹചര്യത്തിലും ശാന്തമായി പെരുമാറാനും എന്തിനോടും സമരസപ്പെട്ടു പോകാനും ഞാൻ പഠിച്ചത് ധോണി സാറിൽനിന്നാണ്.

അദ്ദേഹം ബാറ്റ് ചെയ്യുന്ന വിഡിയോ ക്ലിപ്പുകൾ ശ്രദ്ധയോടെ നിരീക്ഷിച്ചാണ് ഒട്ടേറെ കാര്യങ്ങൾ പഠിച്ചത്. നായക മികവുകൊണ്ടും ഫീൽഡിങ് ക്രമീകരണം കൊണ്ടും അദ്ദേഹം തലകീഴായി മറിച്ച മത്സരങ്ങളുടെ വിഡിയോ ദൃശ്യങ്ങളും ഞാൻ കൂടെക്കൂടെ കാണാറുണ്ട്’ – ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗാർഗ് വ്യക്തമാക്കി.

‘100 റൺസിന് താഴെ അഞ്ചു വിക്കറ്റൊക്കെ നഷ്ടമാക്കി ഇന്ത്യൻ ടീം തകരുന്നത് പലതവണ നാം കണ്ടിട്ടുണ്ട്. അവിടെനിന്ന് ധോണി ഇന്ത്യൻ ടീമിനെ തോളിലേറ്റി സ്കോർ 250 കടത്തും. പാക്കിസ്ഥാനെതിരായ അദ്ദേഹത്തിന്റെ ഇന്നിങ്സാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. ഇന്നിങ്സ് ശാന്തമായി കൊണ്ടുപോകാനും പിന്നീട് ഗിയർമാറ്റി വേഗം കൂട്ടാനും ധോണിക്കാകും.

മോശം പന്തുകൾ വേഗത്തിൽ തിരിച്ചറിയാനും അത് ബൗണ്ടറി കടത്താനുമുള്ള മികവും അനുപമം. വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിൽ ധോണിയെ വെല്ലാൻ ലോകത്തു തന്നെ ആരുമില്ല. ഈ പ്രായത്തിലും അദ്ദേഹം വളരെ കരുത്തനാണ്’ – ഗാർഗ് ചൂണ്ടിക്കാട്ടി.

ധോണിയുടെ ഒട്ടേറെ ഇന്നിങ്സുകളുടെ വിഡിയോ ശേഖരമുണ്ടെങ്കിലും അതിൽത്തന്നെ ഗാർഗ് നെഞ്ചോടു ചേർത്തുവച്ചിരിക്കുന്ന ചില ഇന്നിങ്സുകളുണ്ട്. 2012ൽ ചെന്നൈയിൽ പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 113 റൺസാണ് പ്രിയപ്പെട്ട ധോണി ഇന്നിങ്സെന്ന് ഗാർഗ് വെളിപ്പെടുത്തുന്നു. 2015ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ നേടിയ 92 റൺസ്, 2009ൽ ഓസീസിനെതിരെ നേടിയ 124 എന്നിവയും ഗാർഗിന്റെ പ്രിയ ഇന്നിങ്സുകളാണ്. ബാറ്റിങ്ങിനൊപ്പം ധോണിയുടെ ക്യാപ്റ്റൻസി മികവും പഠിക്കാൻ ഈ വിഡിയോകൾ സഹായിക്കുമെന്നാണ് ഗാർഗിന്റെ വിശ്വാസം.

ഈ വർഷത്തെ ഐപിഎൽ താരലേലത്തിൽ 1.9 കോടി രൂപ മുടക്കി ഹൈദരാബാദ് സൺറൈസേഴ്സ് ടീമിലെടുത്ത താരമാണ് പ്രിയം ഗാർഗ്. പതിനഞ്ചാം വയസിൽ ഭുവനേശ്വർ കുമാറിന്റെ സ്വിങ്ങിങ് പന്തുകൾ നേരിടാൻ ക്രീസ് വിട്ടിറങ്ങി സ്റ്റാൻസ് എടുത്ത ബാറ്റിങ് പ്രതിഭയാണ് ഈ ഉത്തർപ്രദേശുകാരൻ. താരത്തിന്റെ മികവും ആത്മവിശ്വാസവും നേരിട്ടു കണ്ടറിഞ്ഞൊരാൾ രാഹുൽ ദ്രാവിഡാണ്. പതിനേഴാം വയസിൽ ദ്രാവിഡിനെ സാക്ഷിയാക്കി പ്രിയം ഗാർഗ് കുറിച്ച സെഞ്ചുറി താരത്തെ അണ്ടർ–19 ഇന്ത്യൻ ടീമിലാണെത്തിച്ചത്.

sports news priyam garg
Advertisment