18 അടി ഉയരമുള്ള കേക്ക് മുറിച്ച് പ്രിയങ്കയും നിക്കും; വൈറലായി ചിത്രങ്ങള്‍

ഫിലിം ഡസ്ക്
Thursday, December 6, 2018

Priyanka Chopra and Nick Jonas 18-foot wedding cake

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനസുമായുള്ള വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ആഘോഷങ്ങളുടെ ആരവങ്ങള്‍ തീര്‍ന്നിട്ടില്ല. വിവാഹത്തിന്റെ പേരില്‍ അത്യാഢംബരമാണ് നടക്കുന്നതെന്ന്  വിമര്‍ശനം ഉയരുമ്പോളും ഇവര്‍ പങ്കുവക്കുന്ന വിവാഹ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമാണ്.

വിവാഹഘോഷങ്ങളുടെ ഭാഗമായി 18 അ‌ടി ഉയരത്തിലുള്ള കേക്ക് മുറിക്കുന്ന ദമ്പതികളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആറു നിലകളായി ഒരുക്കിയ കേക്ക് മുറിക്കുന്ന പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.  കുവൈറ്റ്, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ പാചക വിദഗ്ധരാണ് കേക്ക്  തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്. കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പ്രിയങ്കയും നിക്കും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.  വാളുകൊണ്ടാണ് ദമ്പതികൾ മുറിക്കുന്നത്.

ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തിന് പിന്നാലെയാണ് ദമ്പതികള്‍ കേക്ക് മുറിക്കുന്ന ചടങ്ങ് നടത്തിയത്. പഞ്ചാബി ആചാരപ്രകാരമുള്ള വിവാഹത്തിൽ വെടിക്കെട്ട് ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. മൂന്ന് മിനിട്ട് നീണ്ട വെടിക്കെട്ടിനെതിരെ രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

കേക്ക് മുറി ചടങ്ങിനെതിരെയും വിമർശനവും ട്രോളും തകൃതിയായി നടക്കുന്നുണ്ട്.  കാലികളെ അറക്കുന്നതു പോലെ തോന്നുന്നു കേക്ക് മുറിക്കുന്നതു കണ്ടാല്‍ എന്നാണ് ചിലർ ചിത്രത്തോട് പ്രതികരിച്ചിരിക്കുന്നത്. ഇത് കേക്ക് മുറിക്കൽ ചടങ്ങല്ലെന്നും കേക്കിനെ കൊല്ലൽ ചടങ്ങാണെന്നും പറഞ്ഞ് പരിഹസിക്കുന്നുണ്ട് മറ്റു ചിലർ. വാടകയ്ക്കു താമസിക്കാനായി ഈ കേക്ക് ബുക്ക് ചെയ്യാനാവുമോ എന്നായിരുന്നു ചിലർക്ക് അറിയേണ്ടതെങ്കിൽ ബാക്കിയുള്ള കേക്കിന്റെ ഒരു കഷ്ണമാണു മറ്റു ചിലർക്കു വേണ്ടത്.

 

 

×