പ്രിയങ്ക മികച്ച ഭരണാധികാരിയാണ് ; നിരവധി പ്രവര്‍ത്തകരാണ് പ്രിയങ്ക അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നത്. ഞാനും ആഗ്രഹിക്കുന്നത് പ്രിയങ്ക കോണ്‍ഗ്രസ് അധ്യക്ഷയാകണമെന്നാണ് ; മുന്‍ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 17, 2019

ഡല്‍ഹി : രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്ക പാര്‍ട്ടിയെ നയിക്കണമെന്ന വികാരം പാര്‍ട്ടിയ്ക്കുള്ളിലുണ്ടെന്നും അന്തിമതീരുമാനം ഈയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തോടെ ഉണ്ടായേക്കുമെന്നു റിപ്പോര്‍ട്ട് .

ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ളവരെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചിരുന്നു. നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പ്രിയങ്കയുടേ പേര് പരസ്യമായി ഉന്നയിച്ചിട്ടില്ല. അതേസമയം ചില നേതാക്കള്‍ പ്രിയങ്ക വന്നേക്കുമെന്ന സൂചന നല്‍കി.

മുന്‍ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍ പറഞ്ഞത് ഇങ്ങനെ:

“നിരവധി പ്രവര്‍ത്തകരാണ് പ്രിയങ്ക അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നത്. ഞാനും ആഗ്രഹിക്കുന്നത് പ്രിയങ്ക കോണ്‍ഗ്രസ് അധ്യക്ഷയാകണമെന്നാണ്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള നേതാവാണ് പ്രിയങ്ക. പാര്‍ട്ടിയെ നയിക്കാനുള്ള എല്ലാ കഴിവും യോഗ്യതയും പ്രിയങ്കക്കുണ്ട്. പ്രിയങ്ക മികച്ച ഭരണാധികാരിയാണ്.”

ഇതുപോലെയാണ് മറ്റ് ചില നേതാക്കളും പ്രതികരിക്കുന്നത്. അവര്‍ക്കും പ്രിയങ്ക അധ്യക്ഷയാകണമെന്നാണ് ആഗ്രഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തോല്‍വിയില്‍ നിന്ന് കരകയറണമെങ്കില്‍ നല്ല നേതൃത്വം വേണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രിയങ്കക്കായി ചില നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചത്. ട്വിറ്ററിലൂടെ രാജിക്കത്ത് അദ്ദേഹം പുറത്തുവിടുകയായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി രാഹുൽ അറിയിച്ചു. പാര്‍ട്ടിയിലെ യുവ നേതാക്കളുടെ രാജി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അഭ്യര്‍ഥന, ആയിരക്കണക്കിന് വരുന്ന അണികളുടെ വികാരം ഇതിനൊന്നിനും രാഹുല്‍ ഗാന്ധിയുടെ മനം മാറ്റാന്‍ സാധിച്ചില്ല.

×