‘രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയവരെ ബഹുമാനിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ദേശീയവാദികളല്ല ; എല്ലാ രക്തസാക്ഷികളെയും ബഹുമാനിക്കാന്‍ പഠിക്കൂ, പ്രതിപക്ഷ നേതാവിന്റെ പിതാവിനെ അടക്കം ;രാജീവ് ഗാന്ധി എന്ന പേരു പറയാതെ മോദിയ്‌ക്കെതിരെ ഒളിയമ്പെയ്ത് പ്രിയങ്ക

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 16, 2019

ജറാര്‍: ദേശീയത, രക്തസാക്ഷികളോടുള്ള ബഹുമാനം എന്നീ വിഷയങ്ങള്‍ വോട്ടിന് ചര്‍ച്ചയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. എല്ലാ രക്തസാക്ഷികളെയും ബഹുമാനിക്കാന്‍ പഠിക്കൂ, പ്രതിപക്ഷ നേതാവിന്റെ പിതാവിനെ അടക്കം എന്നാണ് പ്രിയങ്ക പറഞ്ഞത്. രാജീവ് ഗാന്ധി എന്ന പേരു പറയാതെയാണ് പ്രിയങ്കയുടെ അമ്പെയ്ത്ത്.

ഉത്തര്‍പ്രദേശിലെ ജറാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ് ബബ്ബാറിന്റെ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ‘രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയവരെ ബഹുമാനിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ദേശീയവാദികളല്ല’- പ്രിയങ്കാ ഗാന്ധി പറഞ്ഞു. തുടര്‍ന്ന് ‘പ്രതിപക്ഷ നേതാവിന്റെ രക്തസാക്ഷിയായ പിതാവിനെ കൂടി ബഹുമാനിക്കണം’ എന്നു കൂടി പ്രിയങ്ക പറഞ്ഞു.

ഇതു രണ്ടാമത്തെ പ്രാവശ്യമാണ് രാജീവ് ഗാന്ധിക്കു വേണ്ടി പ്രിയങ്ക സംസാരിക്കുന്നത്. നേരത്തെ അമേത്തിയിലെ മോദിയുടെ റാലിക്കു ശേഷവും ഇതേ രീതിയില്‍ പ്രിയങ്ക പ്രതികരണം നടത്തിയിരുന്നു. ‘അദ്ദേഹം എന്റെ രക്തസാക്ഷിയായ പിതാവിനെ അമേത്തിയുടെ മണ്ണില്‍ അപമാനിച്ചു. ഈ പ്രവൃത്തിയില്‍ ജനങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന് മാപ്പുനല്‍കില്ല. ഓരോ ബൂത്തിലൂടെയും അവര്‍ മറുപടി നല്‍കും’- പ്രിയങ്ക പറഞ്ഞു.

×