പ്രമുഖ സാമൂഹ്യ പരിഷ്കര്‍ത്താവ് രവി രഗ്ബീര്‍ ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍

പി പി ചെറിയാന്‍
Saturday, January 13, 2018

ന്യൂയോര്‍ക്ക്: പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനും, ന്യൂ സാന്‍ച്യുവറി കൊയലേഷന്‍ (NEW SANCTURY COAILATION) എക്സിക്യൂട്ടീവ് ഡയറക്ടറുമായ രവി രഗ്ബീറിനെ ജനുവരി 11 ന് ന്യൂയോര്‍ക്കില്‍ വെച്ച് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. രവിയോട് ഉടന്‍ രാജ്യം വിട്ടു പോകാന്‍ അധികൃതര്‍ ഉത്തരവിട്ടു.

രവിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു ജേക്കബ് ജാവിറ്റ് ഫെഡറല്‍ ബില്‍ഡിങ്ങിനു മുമ്പില്‍ നൂറുകണക്കിന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ തടിച്ചു കൂടിയവരില്‍ നിന്നും രണ്ടു ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ മെമ്പര്‍മാര്‍ ഉള്‍പ്പെടെ 16 പേരെ പോലീസ് കയ്യാമം വെച്ചു കസ്റ്റഡിയിലെടുത്തു. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം ശബ്ദം ഉയര്‍ത്തിയിരുന്ന രവി സമൂഹത്തിലെ എല്ലാവരാലും ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു.

1991 ല്‍ അമേരിക്കയില്‍ സന്ദര്‍ശക വിസയില്‍ എത്തിയ രവി 1994 മുതല്‍ നിയമപരമായി സ്ഥിര താമസക്കാരനായിരുന്നു. 2001 ല്‍ തട്ടിപ്പുകേസ്സില്‍ പ്രതിയായ രവി 22 മാസം ഇമ്മിഗ്രേഷന്‍ തടവിലായിരുന്നു. 2006 ല്‍ രവിയെ നാടുകടത്തുന്നതിന് ഇമ്മിഗ്രേഷന്‍ ജഡ്ജി ഉത്തരവിട്ടിരുന്നു.

എന്നാല്‍ 2018 വരെ ഇവിടെ കഴിയുന്നതിനുള്ള അനുമതി ഇമ്മിഗ്രേഷന്‍ അധികൃതര്‍ നല്‍കി. 2008 ല്‍ വിട്ടയച്ച രവി സജ്ജീവമായി രംഗത്തെത്തി. ബ്രൂക്കാലിനില്‍ ഭാര്യ ഏമിയും, മകള്‍ ദബോറയുമായി താമസിക്കുന്ന രവിയുടെ ഡിപ്പോര്‍ട്ടേഷന്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധി അറ്റോര്‍ണിമാര്‍ രംഗത്തെത്തിയിട്ടുണ്ട്.

×