Advertisment

കേന്ദ്രത്തോട് കേരളം ചോദിക്കുന്നു; ഈ അനുമതി എന്തിന് , കാഴ്ചബംഗ്ളാവുകൾ കാണാനോ ?

New Update

Image result for pinarayi vijayan

Advertisment

നാഴികയ്ക്ക് നാല്പതു വട്ടം വിദേശ സന്ദർശനത്തിന് പോകുന്നു എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന ഏറ്റവും വലിയ വിമർശനം. ഈ യാത്രകൾ പക്ഷെ എന്തിനാണെന്ന കാര്യത്തിൽ അധികമാർക്കും വ്യക്തതയില്ലാത്തതുമാണ്. രാജ്യത്തെ ജനതയുടെ നികുതിപ്പണം ഉപയോഗിച്ചുകൊണ്ടുള്ള ഈ യാത്രകൾ പലതും പ്രധാനമന്ത്രിയുടെ ധൂർത്ത് ആണെന്ന ആരോപണം കോൺഗ്രസ്സ് അടക്കമുള്ള പാർട്ടികൾ ഇടയ്ക്കിടെ ഉയർത്തുന്നതുമാണ്. പ്രധാനമന്ത്രിക്ക് ഇങ്ങനെ യഥേഷ്ടം യാത്രകൾ ആകാമെങ്കിൽ പൊതു ആവശ്യത്തിന് ഒരു സംസ്ഥാനത്തെ മന്ത്രിമാർക്ക് വിദേശത്തു പോകാനുള്ള അനുമതി നിഷേധിക്കുന്നത് എന്തിനെന്ന ചോദ്യം ശക്തമാവുകയാണ്; കേരള മന്ത്രിമാർക്ക് വിദേശത്തു പോകാനുള്ള അനുമതി നിഷേധിച്ചതിലൂടെ.

Image result for kerala flood

മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ് വിദേശയാത്രയ്ക്ക് അനുമതി ചോദിച്ചിരുന്നത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അപേക്ഷകള്‍ ഒരുമിച്ചായിരുന്നു കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് മാത്രം അനുമതി നല്‍കിക്കൊണ്ടാണ് കേന്ദ്രത്തിന്റെ ഉത്തരവ് വന്നിരിക്കുന്നത്. അതും കര്‍ശന നിബന്ധനകളോടെ. പ്രളയത്തെ തുടർന്നുള്ള കേരളത്തിന്റെപുനർനിർമാണത്തിന് ആവശ്യമായ ധനസമാഹരണമായിരുന്നു യാത്രയുടെ ലക്‌ഷ്യം.

Image result for kerala cabinet

അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലായിരുന്നു മുഖ്യമന്ത്രി സന്ദർശനം നടത്താൻ ഉദ്ദേശിച്ചിരുന്നത്.  ഇവിടെ ഔദ്യോഗിക യോഗങ്ങളിലൊന്നും മുഖ്യമന്ത്രി പങ്കെടുക്കാന്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമേ പങ്കുചേരാവൂ എന്നുമാണ് കേന്ദ്രത്തിന്‍റെ നിബന്ധന. ഈ മാസം 18 മുതല്‍ വിദേശയാത്ര തുടങ്ങാനായിരുന്നു തീരുമാനം.

കേരളത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പദ്ധതികളോട് കേന്ദ്ര സർക്കാർ വിമുഖതയും അവഗണനയും കാണിക്കുന്നതിന്റെ തെളിവാണ് യാത്ര അനുമതി നിഷേധത്തിലൂടെ കാണാനാവുകയെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. സംസ്ഥാനത്തു പദ്ധതികൾ നടപ്പാക്കാൻ ലോകബാങ്കിൽ നിന്നോ എ ഡി ബിയിൽ നിന്നോ സർക്കാർ വായ്പ സ്വീകരിക്കേണ്ടി വരും. ഇതിന്റെ ഭാഗമായി ലോകബാങ്ക് പ്രതിനിധികൾ കേരളം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും സംഘം തയ്യാറാക്കിയിരുന്നു. എന്നാൽ വായ്പ എടുക്കാവുന്ന തുകയുടെ പരിധി നിശ്ചയിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ലോകബാങ്ക് വായ്പ അനിശ്ചിതത്വത്തിൽ ആവുമോ എന്ന ആശങ്കയിലാണ് സംസ്ഥാനം. കേരളത്തിനുള്ള വായ്പാ പരിധി ഉയർത്തുന്നതിൽ കാലതാമസംവരുത്തുന്നത് പുനർനിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കും.

Image result for kerala flood

ഈ സാഹചര്യത്തിൽ കൂടിയാണ് വിദേശ സന്ദർശനം നടത്തി ധനസമാഹരണം എന്ന ആലോചനയിലേക്ക് സർക്കാർ എത്തിയത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയും പതിനേഴ് മന്ത്രിമാരും വിദേശത്തേക്ക് പോകാൻ തീരുമാനിച്ചതും കേന്ദ്രത്തോട് അനുമതി ചോദിച്ചതും. മുഖ്യമന്ത്രിക്ക് മാത്രം അനുമതി നൽകിയിട്ടുണ്ടെങ്കിലും പകപോക്കലിന് സമാനമായ കടുംപിടുത്തങ്ങൾ ഈ തീരുമാനത്തിലുമുണ്ട്. വിദേശ പ്രതിനിധികളുമായി ചര്‍ച്ചയരുതെന്നും വിദേശഫണ്ട് സ്വീകരിക്കരുതെന്നുമാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന് അനുമതി നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ പറഞ്ഞിരിക്കുന്നത്. ഫലത്തിൽ വെറുതെയൊരു യാത്ര വേണമെങ്കിൽ മുഖ്യമന്ത്രിക്ക് നടത്താം എന്ന നിലയിലുള്ള അനുമതി മാത്രം.

Image result for kerala flood

പ്രളയത്തിൽ തകർന്ന ഒരു സംസ്ഥാനത്തിന്റെ പുനനിർമാണത്തിന് ധനം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര നിശ്ചയിച്ചതെന്നും അല്ലാതെ വിദേശത്തെ കാഴ്ച ബംഗ്ലാവുകൾ സന്ദർശിക്കാനല്ലെന്നുമാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഉയരുന്ന വിമർശനം. ചോദിച്ച സഹായം നൽകിയതുമില്ല, കിട്ടാവുന്ന സഹായം സ്വീകരിക്കുന്നത് തടയുകയും ചെയ്യുന്നതിന് പിന്നിൽ ഗൂഢമായ രാഷ്ട്രീയ താല്പര്യമാണ് കേന്ദ്ര സർക്കാരിനുള്ളത് എന്നാണ് ഉയരുന്ന ആരോപണം. പ്രളയത്തിൽ ദുരിതം നേരിടുന്ന ഒരു ജനതയെ കേന്ദ്ര സർക്കാർ തുടർച്ചയായി അവഹേളിക്കുകയാണെന്നും ആക്ഷേപമുയരുന്നു.

Advertisment