Advertisment

'ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ തൃപ്തിയെ അനുവദിക്കില്ല;കടുത്ത നിലപാടുമായി പ്രതിഷേധക്കാർ

New Update

Advertisment

ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വിമാനത്താവളത്തില്‍ നിന്നുതന്നെ തിരിച്ചുപോകണമെന്ന് പ്രതിഷേധക്കാര്‍. ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ ഇവരെ അനുവദിക്കില്ലെന്നും ഇവര്‍ അറിയിച്ചു. രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ തന്നെ തുടരുകയാണ്.

തൃപ്തി ദേശായി എത്തുന്നത് മനസിലാക്കി നേരത്തെ തന്നെ നൂറോളം വരുന്ന പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നിലെത്തിയിരുന്നു.  യാത്രയും താമസവും അടക്കമുള്ള  എല്ലാ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്ന് തൃപ്തി ദേശായി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസും സര്‍ക്കാറും ഇത് തള്ളിയിരുന്നു. ഇതോടെ സ്വന്തം നിലയില്‍ വിമാനത്താവളത്തില്‍ നിന്ന് വാഹനം കണ്ടത്തേണ്ടി വന്നു. ഇതിനായി നേരിട്ടും പൊലീസ് മുഖേനയും വിമാനത്താവളത്തിലെ പ്രീപെയ്‍ഡ് ടാക്സി വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍മാര്‍ വിസമ്മതിച്ചു. പിന്നീട് ഓണ്‍ലൈന്‍ ടാക്സി വിളിക്കാനായി ശ്രമം. ഇതും ഡ്രൈവര്‍മാരുടെ വിസമ്മതം കാരണം മുടങ്ങി.

പൊലീസ് വാഹനമല്ലാതെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ തൃപ്തി ദേശിയിക്ക് മുന്നില്‍ മറ്റ് വഴികളില്ല. എന്നാല്‍ പൊലീസ് വാഹനങ്ങളിലോ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചോ ഇവരെ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ വിമാനത്തിന് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ പുറത്ത് കുത്തിയിരുന്ന് നാമജപം സമരം തുടരുന്നു. പ്രതിഷേധക്കാരുമായി സമവായത്തിന് ശ്രമിച്ചെങ്കിലും വഴങ്ങിയിട്ടില്ല.

പുറത്ത് നടക്കുന്ന പ്രതിഷേധത്തിന്റെ വിവരങ്ങള്‍ പൊലീസ് അറിയിച്ചുവെങ്കിലും മടങ്ങിപ്പോകാന്‍ തൃപ്തി ദേശായി തയ്യാറായിട്ടില്ല. പൊലീസ് സുരക്ഷ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.

Advertisment