Advertisment

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ യുഡിഎഫ് കണ്‍വീനര്‍ക്ക് പങ്കില്ലേയെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ! യുഡിഎഫിനെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന എംഎം ഹസന്‍ തല്‍സ്ഥാനത്ത് തുടരുന്നത് അനൗചിത്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളില്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയേയും മുന്നണിയേയും പ്രതിസന്ധിയിലാക്കി പ്രസ്താവനകള്‍ ! ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്നു പറഞ്ഞതും വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം വിവാദമാക്കിയതും ഹസന്‍ നല്‍കിയ സംഭാവനകള്‍ ! പാര്‍ട്ടിയെ മറന്ന് തോല്‍വിക്കിടയില്‍ ഗ്രൂപ്പുയോഗം ചേരാന്‍ നേതൃത്വം കൊടുത്ത കണ്‍വീനര്‍ മുന്നണിക്ക് എന്തു നല്‍കിയെന്നും പ്രവര്‍ത്തകരുടെ ചോദ്യം ! സമുദായ പേരുപറഞ്ഞ് പിടിച്ചു നില്‍ക്കാനുള്ള ഹസന്റെ നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടിട്ടും തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഇന്നും കണ്‍വീനര്‍ സ്ഥാനത്തു തുടരുന്ന എംഎം ഹസനെതിരെ പ്രവര്‍ത്തക പ്രതിഷേധം.

മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയേയും പോലെ തോല്‍വിയില്‍ ഒരുപോലെ ഉത്തരവാദിത്വമുള്ള ഹസനും പദവിയില്‍ തുടരാന്‍ അര്‍ഹതയല്ലെന്നാണ് പ്രവര്‍ത്തകരുടെ വികാരം. ഹസനെ ഉടന്‍ മാറ്റണമെന്നും ഇവര്‍ പറയുന്നു.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമൊക്കെ മാറി പാര്‍ട്ടിക്ക് പുതു നേതൃത്വം വന്നിട്ടിട്ടും എംഎം സഹന്‍ മാത്രം തല്‍സ്ഥാനത്ത് തുടരുന്നതിനാലാണ് പ്രവര്‍ത്തകരുടെ പ്രതിഷധം.

നിര്‍ണായകമായ തെരഞ്ഞെടുപ്പിലെല്ലാം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളാണ് ഹസന്‍ നടത്തിയിരുന്നത്. ഹസന്റെ പ്രസ്താവനകള്‍ പലതും പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നുവെന്നാണ് തെളിവുകള്‍ നിരത്തി പ്രവര്‍ത്തകര്‍ പറയുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി ലൈഫ് മിഷന്‍ പിരിച്ചുവിടും എന്ന ഉത്തരവാദിത്വമില്ലാത്ത പ്രസ്താവന ഹസന്‍ നടത്തിയിരുന്നു. പ്രാദേശിക തലത്തില്‍ വലിയ എതിര്‍പ്പാണ് അന്നു ഹസനെതിരെ ഉയര്‍ന്നത്. ഇതു തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടിയുണ്ടാക്കി.

ഇതു തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ ബാധിച്ചു. ഇതിനു പുറമെയായിരുന്നു വെല്‍ഫയര്‍ പാര്‍ട്ടി ബന്ധവും തുടര്‍വിവാദവും. എംഎം ഹസനും മുല്ലപ്പള്ളിയും കൊമ്പുകോര്‍ത്ത് വിവാദം കൊഴുപ്പിച്ചതോടെ അതു പാര്‍ട്ടിക്കും മുന്നണിക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.

ഇത്തരം നടപടികള്‍ മാത്രമല്ല, ഹസന് വ്യക്തിപരമായി സ്വാധീനമുണ്ട് എന്നു അദ്ദേഹം കൂടി അവകാശപ്പെടുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പോലും പാര്‍ട്ടിയെയോ, മുന്നണിയെയോ വളര്‍ത്താന്‍ ഹസന് കഴിഞ്ഞിട്ടില്ല.

അതൊരു യാഥാര്‍ത്ഥ്യമാണ്. തന്നെയുമല്ല തോല്‍വിക്ക് പിന്നാലെ തിരുവനന്തപുരത്ത് എ ഗ്രൂപ്പിന്റെ യോഗം ചേര്‍ന്ന് അടുത്ത നടപടികള്‍ ആലോചിക്കാനാണ് ഹസന്‍ ശ്രമിച്ചതെന്നും ആരോപണമുണ്ട്.

കനത്ത തിരിച്ചടി നേരിട്ടിട്ടും തന്റെ സമുദായ പ്രാതിനിധ്യം പറഞ്ഞ് പദവിയില്‍ കടിച്ചു തൂങ്ങാനും ഗ്രൂപ്പു കളിക്കുമാണ് ഹസന്‍ ശ്രമിച്ചതെന്നും പറയപ്പെടുന്നു. ഇതോടെയാണ് പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധവുമായി എത്തുന്നത്. എന്തായാലും ഹസനെ മാറ്റി ആ പദവിയില്‍ കഴിവുള്ള മറ്റാരെയെങ്കിലും കൊണ്ടുവരണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം.

mm hassan
Advertisment