Advertisment

പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. വിശ്വാസ വഞ്ചന, ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇതുസംബന്ധിച്ച് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിലവില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

പിഎസ്‌സിയുടെ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ മുന്‍ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ശിവരഞ്ജിത്തും നസീമും ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്.

അതേസമയം പരീക്ഷ ക്രമക്കേടില്‍ പിഎസ്‌സിയെക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഉന്നത സ്വാധീനമുള്ളയാള്‍ക്ക് ചോദ്യപ്പേപ്പറും ഉയര്‍ന്ന മാര്‍ക്കും കിട്ടുന്നസ്ഥിതിയാണോ പരീക്ഷയിലെന്ന് കോടതി ചോദിച്ചു. പരീക്ഷ തട്ടിപ്പ് കേസിലെ നാലം പ്രതി സഫീര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം.

പിഎസ്‌സിയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയാണെന്ന് വിമര്‍ശിച്ച കോടതി എങ്ങനെയാണ് പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ ലഭിക്കുന്നതെന്ന് ചോദിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതിയുടെ പരിഗണിനയിലുണ്ടെന്ന കാരണത്താല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് അത് തടസ്സമല്ല. സുപ്രീം കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയ മുന്‍ ആഭ്യന്തരമന്ത്രിയെവരെ അറസ്റ്റ് ചെയ്‌തെന്നും കോടതി വ്യക്തമാക്കി.

Advertisment