Advertisment

കേരളത്തിന്റെ ചരിത്രഗതിവിഗതികള്‍ മാറ്റിമറിച്ച് കെഎസ്‌യു 64 വര്‍ഷം പിന്നിടുന്നു! ഓർമ്മകൾ പങ്കുവെച്ച് കെപിസിസി പ്രസ് സെക്രട്ടറി പിടി ചാക്കോ

author-image
admin
New Update

മെയ് 30 കെഎസ്‌യു സ്ഥാപക ദിനം. കേരളത്തിന്റെ ചരിത്രഗതിവിഗതികൾ മാറ്റിമറിച്ച് കെഎസ്‌യു 64 വർഷം പിന്നിടുന്നു. ഓർമ്മകൾ പങ്കുവെച്ച് കെപിസിസി പ്രസ് സെക്രട്ടറി പിടി ചാക്കോ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മെയ് 30 കെഎസ്‌യു സ്ഥാപക ദിനം. കേരളത്തിന്റെ ചരിത്രഗതിവിഗതികൾ മാറ്റിമറിച്ച് കെഎസ്‌യു 64 വർഷം പിന്നിടുന്നു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ ബിഎ ഇക്കണോമിക്‌സിനു പഠിക്കുമ്പോഴാണ് (1980-83) ഞാൻ കെഎസ്‌യുവിൽ സജീവമായത്. കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെഎസ്‌സിയുടെ പൊന്നാപുരം കോട്ടയാണ് കാഞ്ഞിരപ്പള്ളി കോളജ്. പിളർന്നു നില്ക്കുന്ന കെഎസ്‌യുവിന് വിരലിലെണ്ണാവുന്ന അംഗങ്ങൾ മാത്രം.

കെഎസ്‌സിയും അന്ന് രണ്ടാണ്. പ്രബലരായ അവർ നയിക്കുന്ന മുന്നണിയിൽ ചേർന്നു നിന്ന് അവർ നല്കുന്ന അപ്രധാന സീറ്റുകളിൽ മത്സരിക്കാനായിരുന്നു കെഎസ്‌യുവിന്റെ നിയോഗം. ഡിഗ്രി രണ്ടാം വർഷം ഞാൻ ആർട്‌സ് ക്ലബ് സെക്രട്ടറിയായി.

മൂന്നാവർഷം പതിവുപോലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് അടുത്തു. കെഎസ്‌സിയിലെ ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി. അപ്രധാന സീറ്റുകളാണ് വാഗ്ദാനം ചെയ്തത്. തുടർന്ന് കെഎസ്‌യു ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചു.

ഞാൻ ചെയർമാൻ സ്ഥാനാർത്ഥി. കെഎസ്എസ്എ എന്ന സംഘനയും ഞങ്ങളുടെ മുന്നണിയിലെത്തി. പ്രചാരണം തുടങ്ങിയതോടെ ഞങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടു. ത്രികോണ മത്സരത്തിൽ പ്രതീക്ഷ നാമ്പിട്ടു.

പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് കെഎസ്‌സി തമ്മിൽ സഖ്യം ഉണ്ടാക്കി. മാണിവിഭാഗത്തിന് ചെയർമാൻ. ഇനി മത്സരിച്ചിട്ട് കാര്യമില്ല എന്ന മട്ടിൽ തളർന്നിരിക്കുമ്പോഴാണ് കെഎസ്‌യു കുട്ടികളുടെ പോരാട്ട വീര്യം പുറത്തുവന്നത്.

എതിർസ്ഥാനാർത്ഥി പിടിച്ച വോട്ടിനേക്കാൾ കൂടുതലായിരുന്നു എന്റെ ഭൂരിപക്ഷം. കൗൺസിലർ ഉൾപ്പെടെ ഏതാനും സീറ്റുകളിലും ജയിച്ചു. യൂണിയനിൽ ഭൂരിപക്ഷം മറുപക്ഷത്തിനായിരുന്നു.

പോസിറ്റീവ് പൊളിറ്റിക്‌സായിരുന്നു ഞങ്ങളുടെ വാഗ്ദാനം. പഠിപ്പു മുടക്കോ സംഘർഷമോ ഉണ്ടാകില്ലെന്ന വാഗ്ദാനം തുടക്കത്തിലേ പൊളിഞ്ഞു. യൂണിയൻ സത്യപ്രതിജ്ഞ ചെയ്ത് അധികം വൈകുംമുമ്പേ എതിർ സംഘനകൾ പഠിപ്പു മുടക്ക് ആരംഭിച്ചു. അത് ഏതാണ്ട് രണ്ടു മാസം നീണ്ടു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരേ എംപി മന്മഥൻ സാറിനെപ്പോലുള്ളവരെ കാമ്പസിൽ കൊണ്ടുവന്നു. കൂവൽ കിട്ടിയെങ്കിലും അദ്ദേഹം പിന്മാറിയില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇരുചെവി അറിഞ്ഞില്ല.

എതിർ വിഭാഗത്തിന്റെ മർദനത്തിൽ നിന്ന് സംരക്ഷിച്ചത് റോയി എന്ന കെഎസ്‌യുക്കാരനായിരുന്നു. അത് അദ്ദേഹത്തിന് പിന്നീട് ഗുണം ചെയ്തു. എൻഎസ്ജിയിൽ ചേർന്ന റോയി പിന്നീട് പ്രധാനമന്ത്രിയുടെ വരെ അംഗരക്ഷകനായി!

ഒരു വർഷം പോയതറിഞ്ഞില്ല. ഫൈനൽ പരീക്ഷ എത്താറായി. പഠിത്തമാകെ അലമ്പിയിരിക്കുന്നു. തുടർന്ന് തല മൊട്ടയടിച്ച് വീട്ടിൽ കയറി. പിന്നെ പഠിത്തം.

ക്ലാസ് നഷ്ടപ്പെട്ടതു മൂലം സ്റ്റാറ്റിസ്റ്റിക്‌സായിരുന്നു പേടിസ്വപ്‌നം. ലോഗരിതം ടേബിളിൽ ഫോർമുല കോറിയിട്ടാണ് പരീക്ഷയ്ക്കു കയറിയത്. പക്ഷേ അധ്യാപകൻ വന്ന് എല്ലാ ആൺകുട്ടികളുടെയും ലോഗരിതം ടേബിൽ എടുത്തുകൊണ്ടുപോയി.

റിസൾട്ട് വന്നപ്പോൾ ഉയർന്ന ഫസ്റ്റക്ലാസ് ഉണ്ട്. ഏതാനും മാർക്കിനാണ് റാങ്ക് പോയത്.

എംഎയ്ക്ക് എംജി സർവകലാശാല പുതുതായി രൂപീകരിച്ച ഡിപ്പാർട്ട്‌മെന്റിൽ എത്തിയതോടെ കാമ്പസ് രാഷ്ട്രീയത്തോടു വിട.

പിന്നീട് പത്രപ്രവർത്തകൻ. തുടർന്ന് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസർ.

2004ൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി നിയമിക്കപ്പെടാനുള്ള പ്രധാന മാനദണ്ഡം എന്റെ കെഎസ്‌യു പാരമ്പര്യം തന്നെയാണ്. രണ്ടു തവണ മുഖ്യമന്ത്രിയുടെയും ഒരു തവണ പ്രതിപക്ഷ നേതാവിന്റെയും പ്രസ് സെക്രട്ടറിയായി.

കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവരുടെ നീണ്ടനിരയെ കെഎസ്‌യു സൃഷ്ടിച്ചു.

പക്ഷേ പ്രസ് സെക്രട്ടറിയായി ഒരേയൊരാളെ മാത്രം! ഞാൻ നല്കിയതിനേക്കാൾ എത്രയോ അധികം കെഎസ്‌യു എനിക്ക് തിരികെ തന്നു.

കോൺഗ്രസ് കേരളത്തിലെ പോസിറ്റീവ് ഫോഴ്‌സാണെന്ന സക്കറിയയുടെ വാക്കുകൾ മുഴങ്ങുന്നു. അതിന്റെ മുന്നണിപ്പോരാളികളാണല്ലോ കെഎസ്‌യുക്കാർ!!

https://m.facebook.com/story.php?story_fbid=2444560202356048&id=100004062755104&sfnsn=wiwspwa

Advertisment