Advertisment

ഫീസ് മുടങ്ങിയതിന് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ആ വിദ്യാര്‍ത്ഥി അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതി; തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഇടപെടല്‍; കുട്ടിയുടെ ക്ലാസ് മുടങ്ങരുതെന്നും ഫീസ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് ഉമ്മന്‍ചാണ്ടി; പാതിവഴിയില്‍ പഠനം മുടങ്ങുമായിരുന്ന ആ കുട്ടി പിന്നീട് ഐഎഎസുകാരനായി; ഒരു ഓര്‍മ്മക്കുറിപ്പ്‌

New Update

മുന്‍ മുഖ്യമന്ത്രിയുടെ 77-ാം ജന്മദിനമായിരുന്നു ഇന്ന്. ഈ സാഹചര്യത്തില്‍ കെപിസിസി പ്രസ് സെക്രട്ടറി പി.ടി. ചാക്കോ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാവുകയാണ്. പാതിവഴിയില്‍ പഠനം മുടങ്ങുമായിരുന്ന സജു വഹീദ് ഐഎഎസിന് പഠനം തുടരാന്‍ സഹായിച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നുവെന്ന് പി.ടി. ചാക്കോ പറയുന്നു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

എന്റെ പ്രസംഗം സാറൊന്നു കേള്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചത് ഐഎഎസുകാരന്‍

നെടുമങ്ങാട് താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടകന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാട് ഉത്സവത്തിമിര്‍പ്പില്‍. 2012 ല്‍ നടന്ന ചടങ്ങില്‍ ആ നാട്ടില്‍ നിന്ന് ഐഎഎസ് ലഭിച്ച സജു വഹീദിന് സ്വീകരണവും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തനിക്കു ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന ആഗ്രഹം സ്ഥലം എംഎല്‍എ പാലോട് രവി വഴി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം തന്റെ കൊച്ചുഡയറിയെടുത്ത് ഇനിയും 7 പരിപാടികള്‍ ബാക്കി നില്ക്കുകയാണെന്നു ചൂണ്ടിക്കാട്ടി.

ഉദ്ഘാടനത്തോടൊപ്പം സജു വഹീദിനെ ആദരിക്കുന്ന ചടങ്ങും കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പാഞ്ഞു പോകുകയും ചെയ്തു. സജുവിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അടുത്ത ദിവസം നിയമസഭയിലേക്കു വരാനും നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ സജു വഹീദ് പ്രസംഗിച്ചു. ആരുമറിയാത്ത തന്റെ ജീവിതകഥ അദ്ദേഹം അനാവരണം ചെയ്തു.

2005ല്‍ ഒരു സ്വകാര്യ സ്‌കൂളില്‍ 11-ാം ക്ലാസില്‍ സജു പഠിക്കുമ്പോള്‍ ഫീസ് മുടങ്ങി. തിരുവന്തപുരം വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറാണ് പിതാവ്. അദ്ദേഹത്തിന് ജോലിയില്ലാതെ വന്നതിനെ തുടര്‍ന്നാണ് ഫീസ് മുടങ്ങിയത്.

സജു വഹിദീനെ ക്ലാസില്‍ നിന്നു പുറത്താക്കി. സജു മുടങ്ങാതെ സ്‌കൂളില്‍ പോകും. ക്ലാസിനു പുറത്തു നില്ക്കും. അപ്പോഴാണ് വെറുതെ ഒരാശയം മിന്നിയത്. ഒരു ഇന്‍ലന്‍ഡ് വാങ്ങി മുഖ്യമന്ത്രിക്ക് കത്തയച്ചു. നന്നായി പഠിക്കുന്ന കുട്ടിയാണെന്നും ഫീസ് കൊടുക്കാനില്ലാതെ വന്നതിനെ തുടര്‍ന്ന് പഠനം മുടങ്ങിയിരിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ഒരു ദിവസം പ്രിന്‍സിപ്പല്‍ കുട്ടിയെ വിളിച്ചു. നാളെ മുതല്‍ സ്‌കൂളില്‍ വരണ്ടാ എന്നു പറയാനിയിരിക്കും എന്നു കരുതി പേടിച്ചാണ് പ്രിന്‍സിപ്പലിന്റെ മുന്നിലെത്തിയത്. താന്‍ മുഖ്യമന്ത്രിയുടെ ആളാണോ എന്നായിരുന്നു പ്രിന്‍സിപ്പളിന്റെ ചോദ്യം. സജുവിന് കാര്യമൊന്നും പിടികിട്ടിയില്ല. അപ്പോഴാണ് താന്‍ കത്ത് മുഖ്യമന്ത്രിക്ക് അയച്ച കാര്യം ഓര്‍ത്തത്. ആ കത്ത് സജുവിന്റെ ജീവിതം മാറ്റിമറിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്ന ആയിരക്കണക്കിനു കത്തുകളില്‍ ഈ കത്തില്‍ മുഖ്യമന്ത്രിയുടെ കണ്ണുടക്കിയിരുന്നു. അടുത്ത ദിവസം തന്നെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിളിച്ചു. കുട്ടിയുടെ ക്ലാസ് മുടങ്ങരുതെന്നും ഫീസ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നല്കുമെന്നും അറിയിച്ചു.

സജു നല്ല മാര്‍ക്കോടെ സ്‌കൂള്‍ പാസായി. തുടര്‍ന്ന് എന്‍ജിനീയറിംഗ് ബിരുദമെടുത്തു. വിപ്രോയിലും മറ്റും ജോലി ചെയ്യുന്നതിനിടയ്ക്ക് ഐഎഎസ് പരീക്ഷ എഴുതി പാസായി. ത്രിപുര ഹയര്‍ എഡ്യൂക്കേഷന്‍ ഡയറക്ടറാണിപ്പോള്‍.

ഒരു കത്ത് തന്റെ ജീവിതം മാറ്റി മറിച്ച സംഭവം സജു വഹീദ് വിവരിച്ചപ്പോള്‍ ആ സദസ് ഈറനണിഞ്ഞു.

പിറ്റേദിവസം പാലോട് രവിയോടൊപ്പം സജു വഹീദ് നിയമസഭയിലെത്തി മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് നന്ദി അറിയിച്ചു.

ഇത്തരം ആയിരക്കണക്കിനു സംഭവങ്ങള്‍ അടുക്കിവച്ചാല്‍ 77 വര്‍ഷമായി. ആഘോഷമില്ലാതെ ജന്മദിനം ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിയെന്ന മനുഷ്യസ്‌നേഹിക്ക് എല്ലാവിധ ആശംസകളും.

Advertisment