സെക്രട്ടേറിയറ്റില്‍ പഞ്ചിങ് കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം ;പഞ്ച് ചെയ്തു മുങ്ങുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, February 12, 2019

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പഞ്ചിങ് കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പഞ്ച് ചെയ്തു മുങ്ങുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി പൊതുഭരണ സെക്രട്ടറി ബിശ്വനാഥ സിന്‍ഹ സര്‍ക്കുലര്‍ ഇറക്കി.

പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 9മണിക്ക് മുമ്പ് ബയോമെട്രിക് പഞ്ചിങ് വഴി ഹാജര്‍ രേഖപ്പെടുത്തിയ ശേഷം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പുറത്തുപോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പറയുന്നു.

അതിരാവിലെ പഞ്ചിങ് രേഖപ്പെടുത്തി പുറത്തുപോകുന്ന ജീവനക്കാരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തും. ഇത്തരക്കാര്‍ക്കെതിരെ ഗുരുതരമായ അച്ചടക്ക ശിക്ഷാനടപടി സ്വീകരിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു

×