Advertisment

പ്രണയിച്ച് ഒളിച്ചോടിയ കമിതാക്കളെയും ഒളിച്ചോടാന്‍ സഹായിച്ച കസിനെയും പിടികൂടി തൂക്കിക്കൊന്നു; കൊല്ലും മുമ്പ് യുവാക്കളുടെ ജനനേന്ദ്രിയം കത്തിച്ചു; 1991ല്‍ നടന്ന ക്രൂര സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് യുപി സര്‍ക്കാര്‍; പ്രണയിച്ചതിന്റെ പേരില്‍ ആര്‍ക്കും ആരെയും കൊല്ലാന്‍ അവകാശമില്ല, ഏറ്റവും മോശമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി

New Update

ഡല്‍ഹി: പ്രണയിച്ചതിന്റെ പേരില്‍ ഒരാളെ ശിക്ഷിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതി. പ്രണയത്തിലായതിന് ഒരാളെ ശിക്ഷിക്കാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ലെന്നും ഏറ്റവും മോശമായ കുറ്റകൃത്യമാണിതെന്നും ചീഫ് ജസ്റ്റിസ് ശരദ് എ ബോബ്‌ഡെ വ്യക്തമാക്കി.

Advertisment

ദുരഭിമാനത്തിന്റെ പേരില്‍ ദലിത് യുവാവിനെയും കസിനെയും പെണ്‍കുട്ടിയെയും കൊലപ്പെടുത്താന്‍ ഉത്തരവിട്ട 11 ഖാപ് പഞ്ചായത്ത് അംഗങ്ങളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

publive-image

പ്രണയത്തിലായ ദലിത് യുവാവിനെയും പെണ്‍കുട്ടിയെയും ഒളിച്ചോടാന്‍ കസിന്‍ സഹായിക്കുകയായിരുന്നു. ബന്ധുക്കളുടെ ദേഷ്യം കെട്ടടങ്ങിയെന്ന വിശ്വാസത്തില്‍ ദിവസങ്ങള്‍ക്കു ശേഷം ഇവര്‍ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി.

എന്നാല്‍ മടങ്ങിയെത്തിയ കമിതാക്കളെയും കസിനെയും പിടികൂടി പഞ്ചായത്ത് വിചാരണ നടത്തി തൂക്കിക്കൊന്നു. കൊല്ലുന്നതിനു മുമ്പ് രണ്ടു യുവാക്കളുടെയും ജനനേന്ദ്രിയം കത്തിക്കുകയും ചെയ്തിരുന്നു. 1991ല്‍ യുപിയിലെ മധുര ജില്ലയിലെ മെഹ്‌റാന ഗ്രാമത്തിലാണ് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച ക്രൂരകൃത്യം അരങ്ങേറിയത്.

കേസില്‍ പ്രതികളായ എട്ട് പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു. പിന്നീട് 2016ല്‍ കേസ് പരിഗണിച്ച അലഹബാദ് ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തു.

പ്രതികളെ സന്ദര്‍ശിച്ച് രേഖകള്‍ പരിശോധിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഗ്ര, മഥുര സെന്‍ട്രല്‍ ജയിലുകളിലെ പ്രൊബേഷന്‍ ഓഫീസര്‍മാരെ കോടതി ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടില്‍ പ്രതികള്‍ ജയിലില്‍ കഴിയുന്ന കാലവും വ്യക്തമാക്കണം. കൂടാതെ റിപ്പോര്‍ട്ടില്‍ ശാരീരികമായും മാനസികമായുമുള്ള അവരുടെ നിലവിലെ ആരോഗ്യ സ്ഥിതിയും സൂചിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനു ശേഷമാകും പ്രതികളുടെ ജാമ്യക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക.

supreme court
Advertisment