പി.വി.സി. ഫ്‌ളക്‌സിന്റെ ഉപയോഗം അപകടകരമെന്ന് സംസ്ഥാന ശുചിത്വ മിഷന്റെ റിപ്പോര്‍ട്ട്: പ്രത്യുല്പാദനത്തെയും ഭ്രൂണവളര്‍ച്ചയെപ്പോലും ബാധിക്കും: കാന്‍സറിനും കാരണമാകും

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Saturday, January 12, 2019

അടൂര്‍: പി.വി.സി. ഫ്‌ളക്‌സിന്റെ ഉപയോഗത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. സംസ്ഥാന ശുചിത്വ മിഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വീര്യമേറിയ വിഷമായ ഡയോക്‌സിനുകളുടെ വലിയ ഉറവിടമാണ് പി.വി.സി. ഫ്‌ളക്സുകള്‍. ക്ലോറിനേറ്റഡ് പ്ലാസ്റ്റിക്കുകള്‍ ചൂടാക്കുകയോ കത്തിക്കുകയോ ചെയ്യുമ്പോഴാണ് ഡയോക്‌സിനുകള്‍ പുറത്തുവരുന്നത്. ജൈവകോശങ്ങളുടെ വളര്‍ച്ചയും വികാസവും പലതരത്തില്‍ തടയാനും തളര്‍ത്താനും ഡയോക്‌സിനുകള്‍ക്ക് കഴിയും.

പ്രത്യുല്പാദനത്തെയും ഭ്രൂണവളര്‍ച്ചയെപ്പോലും പ്രതികൂലമായി ബാധിക്കുകയും രോഗപ്രതിരോധ വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യും. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും. കാന്‍സര്‍പോലുള്ള മാരക രോഗങ്ങള്‍ക്ക് ഡയോക്സിന്‍ കാരണമാകും.

പി.വി.സി ഫ്‌ളക്‌സ്പി.വി.സി.യും പോളിസ്റ്ററും ചേര്‍ത്തുണ്ടാക്കുന്ന മള്‍ട്ടിലെയര്‍ പ്ലാസ്റ്റിക്കുകളാണ് പി.വി.സി. ഫ്‌ളക്‌സ്. പരസ്യബോര്‍ഡുകളുടെ നിര്‍മാണത്തിനും താത്കാലിക ടെന്റുകളുടെയും പന്തലുകളുടെയും നിര്‍മാണത്തിനുമാണ് ഇവ ഉപയോഗിക്കുന്നത്.

ഓരോ ജില്ലയിലും ശരാശരി നാല്പത് സ്ഥാപനങ്ങള്‍ പി.വി.സി ഫ്‌ളക്‌സ് പ്രിന്റ് ചെയ്യുന്നുണ്ട്. ദിവസവും ആയിരം ചതുരശ്രയടി പി.വി.സി ഫ്‌ളക്സ് പ്രിന്റ് ചെയ്യുന്നുവെന്ന് കണക്കാക്കിയാല്‍പോലും പ്രതിവര്‍ഷം അഞ്ഞൂറു ടണ്‍ പ്രിന്റിങ്ങാണ് നടക്കുന്നത്. ഇതാണ് നമ്മുടെ മാലിന്യക്കൂനകളില്‍ പിന്നീട് എത്തിച്ചേരുന്നത്.

പുനഃചംക്രമണം ചെയ്യാന്‍ സാധിക്കാത്ത മാലിന്യമാണിത്. പി.വി.സി.യും പോളിസ്റ്ററും വേര്‍തിരിച്ചെടുത്താല്‍മാത്രമേ പുനഃചംക്രമണം സാധ്യമാകൂ. നീണ്ടകാലം രാസമാറ്റങ്ങള്‍ക്ക് വിധേയമാകാതെ നമ്മുടെ ചുറ്റുപാടുകളില്‍ ഇവ അവശേഷിക്കുന്നതും വിനാശമാണ്. പി.വി.സി. ഫ്‌ളക്‌സ് നിരോധനം പ്രാവര്‍ത്തികമായാല്‍ രാജ്യത്തിനുതന്നെ മാതൃകയാകുന്ന നടപടി ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

×