Advertisment

നാട്ടിലിരുന്നു ഖത്തർ രാജകുടുംബാംഗത്തെ പറ്റിച്ച് 5.05 കോടി തട്ടിയ മലയാളി വിരുതനില്‍ നിന്നും പണം വീണ്ടെടുത്തേക്കും. പ്രതിയുടെ ഭാര്യയും കുടുങ്ങിയേക്കും !

New Update

കൊടുങ്ങല്ലൂർ: നാട്ടിലിരുന്നു ഖത്തർ രാജകുടുംബാംഗത്തെ നുണക്കഥകള്‍ പറഞ്ഞു പറ്റിച്ച് 5.05 കോടി തട്ടിച്ച മലയാളി വിരുതനില്‍ നിന്നും തട്ടിപ്പ് പണം വീണ്ടെടുത്ത് രാജകുടുംബത്തിനു മടക്കി നല്‍കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്.

Advertisment

സംഭവത്തിൽ റിമാൻഡ് ചെയ്ത പറവൂർ പെരുവാരം സ്വദേശി ശ്രീനാരായണപുരം ശാന്തിപുരത്ത് താമസിക്കുന്ന മുളയ്ക്കൽ സുനിൽമേനോനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്‌തതിൽനിന്നാണ് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭ്യമായത്. സംഭവത്തില്‍ പ്രതിയുടെ ഭാര്യയുടെയും അറസ്റ്റിനു സാധ്യതയുണ്ട് .

publive-image

രാജകുടുംബാംഗത്തിന്‍റെ ഇ-മെയിലിൽ നുഴഞ്ഞുകയറി അഞ്ചുകോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ കേരളാ പോലീസിന്‍റെ അന്വേഷണത്തില്‍ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ച നാലുകോടി രൂപയുടെ രേഖകൾ കണ്ടെത്തിയിരുന്നു.

ശ്രീനാരായണപുരത്തെ ഒരു ബാങ്കിൽ ഇയാളുടെ പേരിലുള്ള ലോക്കറിൽനിന്നാണ് വിവിധ ബാങ്കുകളിൽ നിക്ഷേപിച്ച നാലുകോടി രൂപയുടെ രേഖകൾ കണ്ടെത്തിയത്. ഇയാളുടെ ഭാര്യയ്ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്.

ഖത്തറിൽനിന്ന്‌ പണമെത്തിയ കൊടുങ്ങല്ലൂർ ചന്തപ്പുരയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ ഇയാളുടെ അക്കൗണ്ടിൽനിന്ന്‌ പണം ക്രയവിക്രയം ചെയ്‌തതിനെ സംബന്ധിച്ച് വിശദമായ അന്വേഷണമാണ് പോലീസ് നടത്തിയത്.

ഇവിടെനിന്ന്‌ മറ്റു നാല് ബാങ്കുകളിലേക്ക് ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് ഓരോ കോടി രൂപ വീതം മാറ്റിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു.

കൊടുങ്ങല്ലൂരിലും പറവൂരിലുമായി 12 ബാങ്കുകളിലാണ് ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടുകളുള്ളത്. ഈ ബാങ്ക് അക്കൗണ്ടുകളെല്ലാം പോലീസ് പരിശോധിച്ചുവരുകയാണ്.

ഇയാളുടെ ശ്രീനാരായണപുരത്തുള്ള വീട്ടിൽനിന്ന്‌ കണ്ടെടുത്ത ലാപ്‌ടോപ് പോലീസിലെ സൈബർവിഭാഗം പരിശോധിച്ചു. ഇതിൽനിന്ന്‌ നിർണായക തെളിവുകൾ ലഭിച്ചതായും അറിയുന്നു.

ഖത്തർ മ്യൂസിയം അതോറിറ്റി ചെയർപേഴ്‌സണും ഖത്തർ രാജാവിന്റെ സഹോദരിയുമായ വ്യക്തിയുടെ ഇ-മെയിലിൽ നുഴഞ്ഞുകയറി തട്ടിപ്പ് നടത്താൻ ഇയാൾ ഉപയോഗിച്ച രേഖകൾ പൂർണമായും വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഖത്തർ രാജാവിന്റെ പൂർണകായചിത്രങ്ങൾ വിഖ്യാത ചിത്രകാരന്മാരെക്കൊണ്ട് തുകൽ മാറ്റിൽ വരപ്പിച്ച് സ്വർണ ഫ്രെയിമിലാക്കി ഖത്തർ മ്യൂസിയം അതോറിറ്റിക്ക് കൈമാറാമെന്ന് വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്‌. വ്യാജ ഇ-മെയിൽ സന്ദേശത്തിലൂടെയാണ് ഇയാൾ ആദ്യഗഡുവായി അഞ്ചുകോടി അഞ്ചുലക്ഷം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് വരുത്തിയത്.

ഇത് തട്ടിപ്പാണെന്ന് മനസ്സിലായതിനെത്തുടർന്ന് മ്യൂസിയം അതോറിറ്റി ഇ-മെയിൽ വഴിയും നേരിട്ടും കേരള പോലീസിന് നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.

qatar
Advertisment