ഖത്തറിലെ ശൈത്യകാല കാര്‍ഷിക ചന്തകളില്‍ വ്യത്യസ്ത ഇനത്തിലുള്ള പച്ചക്കറികളും പഴങ്ങളും സുലഭ

ന്യൂസ് ബ്യൂറോ, ഖത്തര്‍
Saturday, January 13, 2018

ദോഹ: രാജ്യത്തെ ഇത്തവണത്തെ സീസണിലെ ശൈത്യകാല കാര്‍ഷിക ചന്തകളില്‍ വ്യത്യസ്ത ഇനത്തിലുള്ള പച്ചക്കറികളും പഴങ്ങളും സുലഭം.

മിതമായ നിരക്കില്‍ ഗുണമേന്മയുള്ള പച്ചക്കറികളും പഴങ്ങളും ലഭിക്കുന്നതിനാല്‍ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.അല്‍ മസ്രുഅ, അല്‍ഖോര്‍-അല്‍ ദഖീറ, അല്‍ഖോര്‍ എന്നീ മൂന്ന് കാര്‍ഷികചന്തകളുടെ വാരാന്ത്യത്തിലെ പ്രവര്‍ത്തനം പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്.

കുക്കുംബര്‍, കാബേജ്, പച്ചമുളക്, കാപ്‌സിക്കം, തക്കാളി, ചെറി തക്കാളി, വഴുതനങ്ങ, മത്തങ്ങ, ബീന്‍സ്, ബ്രൊക്കോളി, സവാള, വ്യത്യസ്ത ഇനം ഇലകള്‍, കാരറ്റ്, കൂണ്‍ എന്നിവയെല്ലാം ചന്തകളില്‍ സുലഭമാണ്. ഇവയ്‌ക്കൊപ്പം ജൈവ പച്ചക്കറികള്‍ക്കും ആവശ്യക്കാര്‍ വര്‍ധിക്കുന്നുണ്ട്.

ഏഴുമുതല്‍ എട്ടുകിലോവരെയുള്ള ഒരു പെട്ടി കുക്കുംബറിന് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 37 റിയാല്‍ ഈടാക്കുമ്പോള്‍ ശൈത്യകാല ചന്തകളില്‍ 20 റിയാലാണ് നിരക്ക്.

അല്‍ ഖോര്‍, അല്‍ ശമാല്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഫാമുകളാണ് കാര്‍ഷിക ചന്തകളില്‍ കൂടുതലായുള്ളത്. പരമാവധി പച്ചക്കറികളും പഴങ്ങളും അന്നന്നുതന്നെ വിറ്റഴിക്കാന്‍ ശ്രമിക്കുന്നതിനാല്‍ വൈകുന്നേരത്തോടെ വില ഗണ്യമായി കുറയാറുണ്ട്.

×