Advertisment

റിസർവ് ബാങ്കിനോട് 3.6 ലക്ഷം കോടി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം; ‘മാധ്യമങ്ങളില്‍ വരുന്നത് തെറ്റായ വാര്‍ത്ത’

New Update

Advertisment

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം ഒരു നിര്‍ദേശവും ആര്‍ബിഐയ്ക്ക് നല്‍കിയിട്ടില്ലെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് വ്യക്തമാക്കി. ആര്‍ബിഐയോട് പണം ആവശ്യപ്പെട്ടുവെന്ന് മാധ്യമങ്ങളില്‍ വരുന്നത് തെറ്റായ വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.ബി.ഐയുടെ കരുതല്‍ ധനശേഖരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സര്‍ക്കാറിന്റെ ധനകാര്യസ്ഥിതി സുസ്ഥിരമാണ്. ആര്‍.ബി.ഐയില്‍ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടില്ലെന്നും ധനകാര്യ സെക്രട്ടറി ട്വീറ്റ് ചെയ്തു.

രാജ്യത്തെ ധനകമ്മി 3.3 ശതമാനമായി കുറച്ച് കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 5.1 ശതമാനമായിരുന്നു രാജ്യത്തെ ധനകമ്മി. വിപണിയില്‍ നിന്ന് 70,000 കോടി കടമെടുക്കാനുള്ള ബജറ്റ് നിര്‍ദേശത്തില്‍ നിന്നും പിന്നോക്കം പോയിരിക്കുകയാണ് ചെയ്തതെന്നും ഗാര്‍ഗ് വ്യക്തമാക്കി. രാജ്യത്തെ ധനകാര്യ പ്രതിസന്ധി മറികടക്കാന്‍ മോദി സര്‍ക്കാര്‍ ആര്‍.ബി.ഐയെ ഉപയോഗിക്കുകയാണെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Advertisment