ഓർമ്മകളിലെ നന്ദ്യാർ വട്ട പൂക്കൾ

ലീന അനീഷ്‌
Sunday, January 28, 2018

ഈ സായാഹ്നത്തിന് തെളിച്ചം കൂടുതലുണ്ട്. ജാലക കാഴ്ച്ചകളിലൂടെ തെളിയുന്നത് എന്തൊക്കെയാണ് ? പടിഞ്ഞാറന്‍ ചക്രവാളത്തില്‍ , ഇന്നത്തെ നിയോഗം കഴിഞ്ഞ് സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു. നാളെ വീണ്ടും ഉദിക്കും, പുതിയ സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും. സൂര്യോദയവും അസ്തമയവും കാണാന്‍ -ഇപ്പോള്‍. ഇന്നെനിക്ക് നല്ല സന്തോഷം തോന്നുന്നു.

ദിവസങ്ങളിലെ ഏറ്റവും മനോഹരമായ സമയമാണ് സായാഹ്നങ്ങള്‍. എനിക്കീ കാഴ്ചകള്‍ മടുക്കാറില്ല ഒരിക്കലും. മാനത്തെ മേഘങ്ങളില്‍ അസ്തമയ സൂര്യന്റെ ചെഞ്ചായം വീണ്‌ കുറെ ചിത്രങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. നമ്മള്‍ എന്ത് സങ്കല്‍പ്പിക്കുന്നോ അതേ രൂപമായിരിക്കും ഈ ചിത്രങ്ങള്‍ക്കും. കുതിരപ്പുറത്ത്‌ പോകുന്ന പടയാളിയുടെ മുഖവും രണഭൂമിയും തിരയും തീരവുമെല്ലാം ഞാന്‍ വായിച്ചെടുക്കാറുണ്ട് ഈ രൂപങ്ങളില്‍.

എവിടെയൊക്കെയോ ഒരു നഷ്ടബോധം. ഒരു നാലുമണിപ്പൂവ് വിരിഞ്ഞത് കാണാന്‍ കൊതിയാകുന്നല്ലോ. സായാഹ്ന സ്വപ്നങ്ങളിലെ കാമുകൻ മുഖമാണ് നാലുമണിപ്പൂക്കള്‍ക്ക് . ഓരോ പൂക്കളും വിരിയുന്നത് ഓരോ സ്വപ്നങ്ങളുമായാണ്. ആ പൂക്കളുടെ വിവിധ വര്‍ണ്ണങ്ങളാണ് സ്വപ്നങ്ങളുടെ വൈവിധ്യവും. മനുഷ്യന്റെ വികാരങ്ങള്‍ തന്നെയല്ലേ പൂക്കള്‍ക്കും.? വെയിലത്ത്‌ തിളങ്ങുന്ന പൂക്കള്‍ ചിരിക്കുകയാണ്. മഞ്ഞുതുള്ളികള്‍ ഇതളിലൂടെ പൊഴിയുമ്പോള്‍ പൂക്കള്‍ കരയുകയാണ് എന്ന് തോന്നും. ഇത് രണ്ടും തന്നെയാണല്ലോ മനുഷ്യന്റെ വലിയ രണ്ടു വികാരങ്ങളും.

ഇഷ്ടപ്പെട്ട രണ്ടു പൂക്കളുടെ പേര് പറയാന്‍ പറഞ്ഞാല്‍ ഞാന്‍ ഒട്ടും സംശയിക്കാതെ പറയും നാലുമണിപ്പൂക്കളും നന്ദ്യാര്‍ വട്ടവും എന്ന്. രണ്ടും രണ്ട് കാരണങ്ങള്‍ കൊണ്ട്. നാലുമണിപ്പൂക്കള്‍ വിരിയുന്നത് എനിക്കിഷ്ടപ്പെട്ട വൈകുന്നേരങ്ങളിലാണ്. നന്ദ്യാര്‍വട്ടം എന്ന പേരിനോട് എനിക്ക് വല്ലാത്തൊരു പ്രണയവും. ആ പൂവിനേക്കാള്‍ ഇഷ്ടപ്പെട്ട പേര്. ശരിയല്ലേ..? ആ പൂവിനേക്കാള്‍ ഭംഗിയില്ലേ നന്ദ്യാര്‍വട്ടം എന്ന പേരിന്. പിന്നെ വിരിഞ്ഞു നില്‍ക്കുന്ന നന്ദ്യാര്‍വട്ട പൂവുകള്‍ കാണാത്ത ഒരു കുട്ടിക്കാലം എന്റെ ഓര്‍മ്മയില്‍ ഇല്ല. പിന്നിട്ട ഓരോ കാലഘട്ടത്തിന്റെയും ഓര്‍മ്മത്താളുകളില്‍ ഒപ്പ് വെക്കാന്‍ ഇപ്പോഴും വിരിയുന്നുണ്ട് ആ നന്ദ്യാര്‍വട്ടം തറവാടിന്റെ മുറ്റത്ത്‌.

കാറ്റില്‍ അലിയുന്ന ഗസല്‍ നാദങ്ങള്‍, അതിനൊപ്പം ചേര്‍ന്ന് താളം പിടിക്കുന്ന പൂക്കള്‍ . കുഞ്ഞു നാളിൽ ഒന്നും അർത്ഥം അറിയാതെ കേട്ടിരുന്ന ഗസലുകൾ ..ഇന്ന് അര്‍ത്ഥമറിഞ്ഞ് വീണ്ടും ആ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ മാധുര്യം കൂടുന്നു. ഇപ്പോള്‍ പൂക്കള്‍ വിരിയുന്നത് മനസ്സിലാണ്. കണ്മുന്നില്‍ ഒരു നന്ദ്യാര്‍വട്ടം വിരിഞ്ഞു നില്‍ക്കുന്നുണ്ട്. ഒളിക്കണ്ണിട്ടൊരു നാലുമണിപ്പൂവും ഉണ്ട് . ഇവിടെ വീശുന്ന ചൂടുള്ള കാറ്റിന് ഇപ്പോള്‍ നാട്ടിലെ കാറ്റിന്റെ അതേ കുളിര്‍മ്മ ഉണ്ട്. ഓര്‍മ്മകള്‍ നല്‍കുന്ന സമ്മാനമാണത്.

ഞാന്‍ വീണ്ടും പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണെറിഞ്ഞു. സൂര്യന്‍ ഇപ്പോള്‍ മുങ്ങി താഴും. മേഘങ്ങള്‍ക്കും വന്നു നിറം മാറ്റം. കൂടണയാന്‍ കൂട്ടമായും ഒറ്റക്കും ദൃതിയില്‍ പറന്നകലുന്ന കുറെ വെള്ള പറവകള്‍. കാറ്റില്‍ പതുക്കെ ആടുന്ന യൂക്കാലി മരങ്ങളുടെ ചില്ലകൾ ,നല്ല മനോഹരമായ സായാഹ്നം. കുറുകി കുറുകി രണ്ട് വെള്ളരിപ്രാവുകള്‍ പറന്നു വന്ന് ബാല്‍ക്കണിയുടെ കൈവരിയില്‍ ഇരുന്നു. അവരും ലയിച്ചിരിക്കട്ടെ ഈ സംഗീത സായാഹ്നത്തില്‍…….

×