ഒരു നഴ്സിന്റെ ഡയറി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, May 12, 2018

ചില മനുഷ്യർ അങ്ങനെയാണ്
വെറുതെങ്ങനെ പുലമ്പിക്കൊണ്ടിരിക്കും
വേദന കൊണ്ടാവും
മരണഭയം കൊണ്ടുമാവാം ..
ഇഞ്ചക്ഷൻ വെക്കുമ്പോൾ
ഇന്നലെ ഒരാൾ
കൈ ഞെരിച്ചു തിരിച്ചു കളഞ്ഞു .
പുലയാട്ട് വേറെയും .
സാരമില്ല വേദന കൊണ്ടാവും .
ഇഞ്ചക്ഷൻ കൊടുക്കുമ്പോൾ
കണ്ണുകളിലെങ്ങനെ കാണാം
ഭയത്തിന്റെ ചാലുകൾ

അതങ്ങു ശീലമായിരിക്കുന്നു .
പുലയാട്ടും തെറിപ്പാട്ടും..
ഞാനിപ്പോൾ നന്നായി
തെറി പഠിച്ചിരിക്കുന്നു
പല ഭാഷയിലുള്ള തെറികൾ .
തെറിക്കുത്തരം ചിരിയാണ്
മാലാഖമാരുടെ ബൈബിളിൽ
അങ്ങനെ എഴുതിയിട്ടുണ്ടത്രെ .

മരുന്ന് മണമുള്ള മുറിയിലെ
മണമിപ്പോൾ എന്റെയും മണമായിരുന്നു .
മരുന്നിന്റെ മണമുള്ള നഴ്‌സ്
രസമുണ്ടല്ലേ..
കവിത വിടരുന്ന ഭാവന .

നൂറ്റി പതിനാലിലെ അമ്മച്ചിക്ക്
ശ്വാസം മുട്ടലുണ്ടാകുമ്പോൾ
ഓടിപ്പാഞ്ഞെത്താറുണ്ട് .
കൂട്ടിരിക്കുന്ന അപ്പച്ചനും
ഇപ്പൊ ശ്വാസം മുട്ടലാണ്
എന്റെ വാട്സാപ്പിൽ
അപ്പച്ചന്റെ പതിഞ്ഞ ശ്വാസം
മുഴങ്ങുന്നുണ്ട് ഇടക്ക്
അരോചകം തോന്നിപ്പിക്കുന്ന
അസ്വസ്ഥത തോന്നിപ്പിക്കുന്ന
നെബുലൈസറിൽ നിലക്കാത്ത
പഴകി വളിച്ച ശ്വാസം .

ആലോചനകളങ്ങനെ
മുട്ടി വിളിക്കുന്നുണ്ട് .
കാനഡാക്ക് പോയേക്കാവുന്ന
ഗൾഫിൽ പോകാൻ സാധ്യതയുള്ള
സർക്കാരിന്റെ കനിവിൽ
ശമ്പളം കൂടുതൽ
കിട്ടിയേക്കാവുന്ന
മാലാഖയുടെ വില
പറയുന്ന ആലോചനകൾ .

ചിലരങ്ങു ഒഴിഞ്ഞു കളയും
കുടുംബത്തിൽ പിറന്ന പണിയല്ലെന്ന്
ചിലർ പറയും എല്ലാം പോക്കാണെന്ന് .
പെണ്ണിന്റെ ഫോട്ടോ കണ്ടു
ചില കൂട്ടുകാർ പറഞ്ഞത്രേ
ഇവളെ കുമരകത്ത് കണ്ടല്ലോ ന്ന് .
മുട്ടുകുത്തി പ്രാർത്ഥിക്കാൻ
നേരമില്ലാത്തവൾ .
കുമരകത്ത് . ഹോ …

വിദ്യാഭ്യാസലോൺ തൂങ്ങി നിൽപ്പുണ്ട്
വാളുപോലെ തലക്കു മീതെ .
അത് കൊണ്ടാ സമരത്തിനിറങ്ങുന്നേ .
വെളുത്ത നിറമുള്ള യൂണിഫോമിൽ
പട്ടിണിയും പരിവട്ടവും
കറപിടിച്ചു നിൽപ്പുണ്ട്
അത് കൊണ്ടാ സമരം ചെയ്യുന്നേ .
ഗൾഫിൽ പോകാൻ കാശു വേണം
കാനഡാക്ക് പോകാനും കാശ് വേണം .
കല്യാണം കഴിക്കാനും കാശ് വേണം
നാട്ടു നടപ്പാണത്രെ .

അവരുറങ്ങുമ്പോൾ ഉണർന്നിരിക്കണം
സമയം അവർക്കു മാത്രമായിട്ടുള്ളതാണ്
അവരെ ഊട്ടിയിട്ട് ഉണ്ണാൻ മറക്കണം
പുലയാട്ടുകൾക്ക് നിശബ്ദത നൽകണം
പരിഹസിച്ചാലും ചിരിക്കണം
സമരം ചെയ്യരുത് സേവനം ചെയ്യണം
എല്ലാം കഴിഞ്ഞു മാലാഖ എന്ന വിളിയാ ബാക്കി .

എങ്കിലും ചിലരുണ്ട് .
ചിരിക്ക് മറുചിരി തരുന്നവർ .
കുത്തി വെച്ചപ്പോ ഒട്ടും നൊന്തില്ലന്ന്
ചിരിച്ചു ചൊല്ലുന്നവർ
മോൾക്ക് കല്യാണം ആയില്ലേ എന്ന്
വാത്സല്യം വിളമ്പുന്നവർ
നിഷേധിച്ചാലും കയ്യിലെന്തെങ്കിലും
തിരുകാൻ ശ്രമിക്കുന്നവർ .
സിസ്റ്ററെ എന്ന് നീട്ടി വിളിക്കുന്നവർ
ഭക്ഷണത്തിനു കൂടെക്കൂട്ടാൻ
ശ്രമിക്കുന്നവർ .
അങ്ങനെ അങ്ങനെ .. ചിലർ .

ദൈവത്തിന്റെ സ്വന്തം മാലാഖമാർ .
ചിരിക്കാനും ചിരിപ്പിക്കാനും
സ്നേഹിക്കാനും പഠിപ്പിക്കുന്നവർ .

ഡയറി അവസാനിക്കുന്നു . പ്രിയ ഭാര്യ അടക്കം ഒരു പാട് മാലാഖമാർ കുടുംബത്തിലും കൂട്ടുകാരായും ഉള്ളപ്പോൾ മറ്റൊരു നഴ്സിന്റെ ഡയറി വായിച്ചിട്ട് വീണ്ടും ഡയറി കുറിക്കാം

നഴ്സസ് ഡേ ആശംസകൾ

×