റഫീക്ക് അഹമ്മദ് സ്വന്തം പാട്ട് ഷെയര്‍ ചെയ്തത് പകര്‍പ്പവകാശ ലംഘനമായി ; പ്രതിഷേധം ട്രോളി കവി

ഫിലിം ഡസ്ക്
Wednesday, June 20, 2018

Image result for rafeek ahammed

കോഴിക്കോട്: ഉടന്‍ റിലീസ് ചെയ്യാന്‍ പോകുന്ന ഒരു സിനിമയിലെ താന്‍ എഴുതിയ പാട്ട് ഷെയര്‍ ചെയ്തതിന് പകര്‍പ്പവകാശ ലംഘനത്തിന്റെപേരില്‍ ഫേസ്്ബുക്കില്‍നിന്ന് പിഴ ഏറ്റുവാങ്ങിയതായി കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. ഇതിന്റെപേരില്‍ 24 മണിക്കൂര്‍ എഫ്.ബിക്ക് പുറത്ത് നിര്‍ത്തിയെന്നും പാട്ട് ഷെയര്‍ ചെയ്തതുകൊണ്ട് തനിക്ക് യാതൊരു ഗുണവുമില്ലെന്നും കൂടുതല്‍ ആള്‍ക്കാര്‍ കേട്ടാല്‍ അതിന്റെ ഗുണം നിര്‍മ്മാതാവിന് തന്നെയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ഫേസ്‌ബുക്ക് പോസ്്റ്റിന്റെ പൂര്‍ണരൂപം

ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ഒരു പടത്തിലെ പാട്ട് കിട്ടി. കേട്ടപ്പോള്‍ നന്നെന്നു തോന്നി. എഫ്.ബി.യില്‍ ഷെയര്‍ ചെയ്തു. ഭയങ്കര പ്രശ്നമായി. അതൊരു പകര്‍പ്പവകാശ ലംഘനമായിരുന്നു.

24 മണിക്കൂര്‍ എഫ്.ബിക്ക് പുറത്ത് നിര്‍ത്തുക എന്നതായിരുന്നു അതിന്റെ ശിക്ഷ. ശിക്ഷ കഴിഞ്ഞ് ദാ, റിലീസായി. മുതലാളിമാരേ അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ.

നാലണ ലാഭമില്ലാത്ത ഏര്‍പ്പാടാണ്. പാട്ട് കൂടുതല്‍ ആള്‍ക്കാര്‍ കേട്ടാല്‍ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ. ഏതായാലും ഇത് ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു തരുന്നു. (മുതലാളിമാര്‍ കേള്‍ക്കാതെ മെല്ലെ ഒരു രഹസ്യം കൂട്ടുകാരോട് പങ്കിടാം.

ആ പാട്ട് എഴുതിയത് അടിയന്‍ തന്നെ ആയിരുന്നു.)

 

×