ഇന്ത്യ ഈ മഹാസാഗരം പോലെയാണ്…. കടല്‍ക്കരയില്‍ നില്‍ക്കുന്ന ഒരു മനുഷ്യനെപ്പോലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി….ഇന്ത്യയെന്ന ജനമഹാസാഗരത്തിന്റെ ശബ്ദം കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നു….മോദിയെപ്പോലെ ധാര്‍ഷ്ട്യത്തില്‍ നിന്നല്ല, വിനയത്തില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്…. അക്രമത്തിലൂടെ കേരളത്തില്‍ അധികാരത്തില്‍ തുടരാമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്…… ബിജെപിയും സിപിഎമ്മും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു…..ബിജെപിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, March 14, 2019

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജനമഹാറാലിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടിമുടി കടന്നാക്രമിച്ചു.

സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെയും ശക്തമായ ഭാഷയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. രാഹുലിന്‍റെ ഓരോ പരാമർശവും കോഴിക്കോട് ബീച്ച് നിറഞ്ഞുകവിഞ്ഞ കോൺഗ്രസ് പ്രവർത്തകർ ഹർഷാരവത്തോടെ ഏറ്റുവാങ്ങി. കേരളത്തിൽ കോൺഗ്രസിന്‍റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കോഴിക്കോട് ബീച്ചിലെ ജനമഹാറാലിയോടെ ഔദ്യോഗിക തുടക്കമായി. അബ്ദുൾ സമദ് സമദാനിയാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

കടലിനെ ഉപമയാക്കിയായിരുന്നു രാഹുൽ ഗാന്ധി നരേന്ദ്രമോദിയെ കണക്കറ്റ് വിമർശിച്ചത്. കടപ്പുറത്തെ വേദിയിൽ നിന്ന് അറബിക്കടലിനെ ചൂണ്ടി രാഹുൽ പറഞ്ഞു, ‘ഇന്ത്യ ഈ മഹാസാഗരം പോലെയാണ്. കടൽക്കരയിൽ നിൽക്കുന്ന ഒരു മനുഷ്യനെപ്പോലെയാണ് കോൺഗ്രസ് പാർട്ടി.

‘ ഇന്ത്യയെന്ന ജനമഹാസാഗരത്തിന്‍റെ ശബ്ദം കോൺഗ്രസ് ശ്രദ്ധിക്കുന്നുവെന്നും സ്വന്തം ആശയം ഇന്ത്യയെന്ന ആശയത്തേക്കാൾ വലുതാണെന്ന് കോൺഗ്രസ് കരുതുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഷ്ട്രസാഗരത്തിന്‍റെ ശബ്ദത്തിന് ചെവിയോർത്ത്, അത് ഉൾക്കൊണ്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് ഒരു വ്യക്തിയുടേയോ സമുദായത്തിന്‍റെയോ ശബ്ദമല്ലെന്നും രാജ്യത്തിനുമേൽ ഒന്നും അടിച്ചേൽപ്പിക്കാനോ രാജ്യത്തിന് മേൽ ആധിപത്യം സ്ഥാപിക്കാനോ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, ബിജെപിയും ആർഎസ്എസും അവരുടെ ആശയം രാഷ്ട്രത്തേക്കാൾ വലുതാണെന്നാണ് കരുതുന്നത്. സഹസ്രാബ്ധങ്ങളുടെ പാരമ്പര്യമുള്ള ഈ രാജ്യത്തിന്‍റെ വൈവിദ്ധ്യം പരിഗണിക്കാതെ സ്വന്തം മനസിന്‍റെ കാര്യം മാത്രമാണ് നരേന്ദ്രമോദി പറയുന്നത്.

കടലിന് മുന്നിൽ നിന്ന് നരേന്ദ്രമോദി സ്വന്തം വമ്പത്തം പറയുകയാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. കടലിനേക്കാൾ വലുതാണ് താൻ എന്നാണ് മോദിയുടെ ഭാവം.

എല്ലാ ആഴ്ചയും താൻ മാധ്യമങ്ങളെ കാണുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അപ്പോഴെല്ലാം മാധ്യമപ്രവർത്തകർ അവർക്കിഷ്ടമുള്ള ചോദ്യങ്ങൾ തന്നോട് ചോദിക്കും. അതിന് താൻ മറുപടിയും കൊടുക്കും. പക്ഷേ ഇവിടെ ഒരു പ്രധാനമന്ത്രിയുണ്ട്, താനെന്താണ് ചെയ്യാനുള്ളതെന്ന് മാത്രമാണ് അദ്ദേഹം പറയുന്നതെന്ന് പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്തി’നെ പരാമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി പരിഹസിച്ചു. ചോദ്യങ്ങൾ കേൾക്കാൻ തയ്യാറാകാത്ത പ്രധാനമന്ത്രിയാണ് ഇന്ത്യയുടേത്.

കടലിനോട് നീയെന്താണ് ചെയ്യേണ്ടത് എന്ന് ആജ്ഞാപിക്കുന്നതുപോലെയാണ് പ്രധാനമന്ത്രിയുടെ പ്രവർത്തനം. ഒരാളുടെ മാത്രം മനസിന്‍റെ ആവിഷ്കാരമാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം രാജ്യം കണ്ടത്. നോട്ട് നിരോധനം, ജിഎസ്ടി ഇവയെല്ലാം മോദി രാജ്യത്ത് അടിച്ചേൽപ്പിച്ചു.

അതിന്‍റെ ദുരിതങ്ങളിൽ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. രാജ്യമെന്ന കടലിന്‍റെ ആശയങ്ങളെ ഉൾക്കൊള്ളാൻ മോദിക്ക് പറ്റില്ല. ജനമഹാസാഗരത്തെ തിരിച്ചറിയാൻ നരേന്ദ്രമോദിക്ക് കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്വന്തം മനസിലുള്ളത് പറയുകയല്ല പ്രധാനമന്ത്രി ചെയ്യേണ്ടത്. ജനങ്ങളുടെ മനസ് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്.

സിപിഎമ്മിന് എതിരെയും ശക്തമായ ഭാഷയിലായിരുന്നു കോഴിക്കോട്ടെ പ്രസംഗത്തിൽ രാഹുൽ ഗാന്ധിയുടെ വിമർശനം. അക്രമത്തിലൂടെ കേരളത്തിൽ അധികാരത്തിൽ തുടരാമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ബിജെപിയും സിപിഎമ്മും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു.

പക്ഷേ കേരളം നീതിയുടെ മണ്ണാണ്. പെരിയയിൽ സിപിഎം കൊലപ്പെടുത്തിയ ശരത് ലാലിലും കൃപേഷിനും നീതി ലഭിക്കുക തന്നെ ചെയ്യും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സിപിഎമ്മിന് മറുപടിയില്ലാത്തതുകൊണ്ടാണ് അക്രമത്തിന്‍റെ വഴി സ്വീകരിക്കുന്നത്.

സിപിഎമ്മിന്‍റെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാൻ കുറച്ചുസമയം കൂടി വേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രാജ്യത്ത് അധികാരത്തിലെത്തുമ്പോൾ കേരളത്തിലും സിപിഎമ്മിന് കോൺഗ്രസ് അതിന്‍റെ രാഷ്ട്രീയ ഇച്ഛാശക്തി കാട്ടിക്കൊടുക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

×