അധികാരത്തിലേറിയാൽ മിനിമം വേതനം ഉറപ്പാക്കി പണം അക്കൗണ്ടിലെത്തുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, March 14, 2019

കോഴിക്കോട്: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. മിനിമം വേതനത്തിന് താഴെ നില്‍ക്കുന്നവര്‍ക്ക് അതിനാവശ്യമായ തുക അവരുടെ അക്കൗണ്ടിലെത്തിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

ജനങ്ങളുടെ 12 ലക്ഷം കോടി രൂപ മോദി വന്‍കിടക്കാര്‍ക്ക് നല്‍കിയെന്ന് രാഹുല്‍ ആരോപിച്ചു. രാജ്യത്തിന്റെ നട്ടെല്ലായ സ്ത്രീകള്‍ക്ക് 33% സംവരണം പാര്‍ലമെന്റില്‍ ഉറപ്പിക്കും. ഇത് നടപ്പാക്കാനാവുന്നത് മാത്രം പറയുന്ന ഞാന്‍ നല്‍കുന്ന വാക്കാണ്. രാജ്യത്തെ ദേശീയ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 33 ശതമാനം ജോലി സംവരണവും ഉറപ്പാക്കും. സംരഭകര്‍ക്കായി ബാങ്കുകളുടെ കവാടങ്ങള്‍ തുറന്നിട്ടു കൊടുക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി.

നിലവിലെ ജി.എസ്.ടി സംവിധാനത്തെ അപ്പാടെ പൊളിച്ച് മാറ്റി ഒറ്റ നികുതിക്ക് കീഴില്‍ കൊണ്ട് വരും. അത് സാധാരണ ജനങ്ങളുടെ നികുതി സമ്പ്രദായമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മധ്യവര്‍ഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നവും രൂക്ഷമാണ്. തങ്ങളുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും ആവശ്യമായ സൗകര്യവും ഒരുക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇക്കാര്യങ്ങളൊന്നും നരേന്ദ്ര മോദിക്ക് മനസ്സിലാവില്ല. കാരണം അദ്ദേഹം സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. അതു കൊണ്ട് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇത്തരക്കാരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ സുരക്ഷയ്ക്കുമായി പ്രത്യകം തുക മാറ്റിവെക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

×