Advertisment

മിനിമം വേതനം ;രാഹുലിന്‍റെ പ്രഖ്യാപനത്തിന് പിന്നില്‍ ലോകത്തിലെ തന്നെ മികച്ച രണ്ട് സാമ്പത്തിക വിദഗ്ധര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപയുടെ മിനിമം വേതനം ഉറപ്പാക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നില്‍ ലോകത്തിലെ തന്നെ മികച്ച രണ്ട് സാമ്പത്തിക വിദഗ്ധര്‍ .

Advertisment

publive-image

പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരാത്തിലെത്താനുള്ള തുറപ്പു ചീട്ടായിട്ടാണ് മിനിമം വേതനം പ്രഖ്യാപനത്തെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. 25 കോടി ജനങ്ങളിലേക്ക് എത്തുന്ന ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ദാരിദ്ധ നിര്‍മാര്‍ജ്ജന പദ്ധതിയാകും.

2015 ലെ നൊബേല്‍ സമ്മാന ജേതാവായ ബ്രിട്ടീഷുകാരന്‍ ആംഗസ് ഡെറ്റണും ഫ്രഞ്ച് സാമ്പത്തിക വിദഗ്ദന്‍ തോമസ് പിക്കറ്റിയുമാണ് മിനിമം വേതനം പദ്ധതിക്കു പിന്നിലെ ബുദ്ധി കേന്ദ്രങ്ങള്‍. ഈ രണ്ട് സാമ്പത്തിക വിദഗ്ധരുടേയും നയങ്ങള്‍ രാഹുലിനെ സ്വാധീനിക്കുകയായിരുന്നു.

ആംഗസ് ഡെറ്റണിന്‍റെയും തോമസ് പിക്കറ്റിയുടെയും പുസ്തകങ്ങള്‍ പഠിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇവരുടെ സഹായം തേടുകയായിരുന്നെന്നാണ് ഹൈക്കമാന്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മോഡേണ്‍ മാര്‍ക്സ് എന്ന് അറിയപ്പെടുന്ന പിക്കറ്റിയുടെ ഈ പുസ്തകം രാഹുലിനെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. സാമ്പത്തിക അസമത്വം, ദാരിദ്രം, ആരോഗ്യം എന്നീ വിഷയങ്ങള്‍ ഇന്ത്യന്‍ സാഹചര്യവുമായി കോര്‍ത്തിണക്കി ഡെറ്റണ്‍ രചിച്ച പുസ്തകവും ഏറെ പ്രശസ്തമാണ്.

നൊബേല്‍ സമ്മാന ജേതാവായ അമര്‍ത്യസെന്‍, ജീന്‍ ഡ്രെഡ് എന്നിവരുമായി സഹകരിച്ചും ഡെറ്റണ്‍ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. യുപിഎ ഭരണകാലത്ത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയില്‍ അംഗമായിരുന്ന വ്യക്തിയാണ് ജീന്‍ ഡ്രെഡ് .മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും മിനിമം വേതനമെന്ന ആശയത്തിന് പിന്നില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. സര്‍ക്കാറിന്‍റെ വരുമാനം വര്‍ധിപ്പിച്ചും ചിലവ് ചുരുക്കിയും പദ്ധതിക്കാവശ്യമായ പണം കണ്ടെത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

ഇന്ത്യന്‍ വംശജനായ യുഎസ് സാമ്പത്തിക വിദഗ്ധന്‍ അഭിജിത് ബാനര്‍ജിയും പദ്ധതിക്ക് സാമ്പത്തികോപദേശം നല്‍കുന്നു. പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിന് മുമ്പ് രഘുറാം രാജന്‍ ഉള്‍പ്പടേയുള്ള സാമ്പത്തിക വിദഗ്ധരുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിരുന്നു.

Advertisment