സ്ത്രീകളെ ബഹുമാനിക്കുന്ന ഞങ്ങളുടെ സംസ്‌കാരം വീട്ടില്‍ നിന്ന് തുടങ്ങുന്നതാണ് ; താങ്കള്‍ വിറയല്‍ നിര്‍ത്തി വ്യക്തിത്വമുണ്ടെങ്കില്‍ എന്റെ ചോദ്യത്തിന് ഉത്തരം തരൂ; മോദിയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി രാഹുല്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 10, 2019

ഡല്‍ഹി : കോണ്‍ഗ്രസ്, സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ബഹുമാനം എല്ലാവരും അര്‍ഹിക്കുന്നുണ്ടെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന തങ്ങളുടെ സംസ്‌കാരം വീട്ടില്‍ നിന്ന് തുടങ്ങുന്നതാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

”എല്ലാവരും ബഹുമാനമര്‍ഹിക്കുന്നുണ്ട് മോദിജി, സ്ത്രീകളെ ബഹുമാനിക്കുന്ന ഞങ്ങളുടെ സംസ്‌കാരം വീട്ടില്‍ നിന്ന് തുടങ്ങുന്നതാണ്. താങ്കള്‍ വിറയല്‍ നിര്‍ത്തി വ്യക്തിത്വമുണ്ടെങ്കില്‍ എന്റെ ചോദ്യത്തിന് ഉത്തരം പറയുകയാണ് വേണ്ടത്.

റഫാലിന്റെ ഒറിജിനല്‍ കരാര്‍ താങ്കള്‍ ഒഴിവാക്കിയപ്പോള്‍ പ്രതിരോധ മന്ത്രിയും വ്യോമസേനയും എതിര്‍ത്തിരുന്നു. ഉണ്ടോ ഇല്ലയോ എന്ന് മാത്രം താങ്കള്‍ പറഞ്ഞാല്‍ മതി”- എന്നായിരുന്നു രാഹുല്‍ ട്വീറ്റില്‍ കുറിച്ചത്.

നേരത്തെ റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതെ മോദി നിര്‍മലാ സീതാരാമനെ അയച്ചതിനെതിരെ രാഹുല്‍ രൂക്ഷമായി പരിഹസിച്ചിരുന്നു. രാജസ്ഥാനില്‍ നടന്ന കര്‍ഷക റാലിക്കിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയില്‍ ഒരു സ്ത്രീയോട് പറഞ്ഞു സീതാരാമന്‍ജി എന്നെ പ്രതിരോധിക്കു… എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല. എന്നെ പ്രതിരോധിക്കൂ…’ – എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിന് പിന്നാലെയായിരുന്നു രാഹുല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പറഞ്ഞ് മോദി രംഗത്തെത്തിയത്.

നന്നേ ചെറുപ്പത്തിലെ വിവാഹം കഴിച്ച മോഡി ഭാര്യയെ ഉപേക്ഷിച്ച് ഒറ്റയാനായി ജീവിക്കുന്നത് സൂചിപ്പിച്ചാണ് രാഹുലിന്‍റെ വാക്കുകള്‍.

×