പ്രചരണം ഒക്കെ കഴിഞ്ഞല്ലോ, ഇനി സൈഡ് ബിസിനസ്സായ പ്രധാനമന്ത്രിയുടെ ജോലി ചെയ്തൂടെ എന്ന് രാഹുല്‍ ഗാന്ധി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, December 6, 2018

പ്രചരണം ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് മോദിക്ക് ഇനി സൈഡ് ബിസിനസ്സായ പ്രധാനമന്ത്രി ജോലി ചെയ്തൂടെ എന്ന് രാഹുല്‍ ഗാന്ധി. ട്വീറ്റിലൂടെയാണ് മോദിക്കെതിരെയുള്ള രാഹുലിന്റെ ട്രോള്‍.

നിങ്ങള്‍ പ്രധാന മന്ത്രിയായിട്ട് ഇപ്പോള്‍ 1654 ദിവസങ്ങളായി. എന്നിട്ടും ഇതുവരെ ഒരു പ്രസ് കോണ്‍ഫറന്‍സ് നടന്നില്ലല്ലോ എന്നും രാഹുല്‍ ട്വീറ്റില്‍ ചോദിക്കുന്നു.

ഇടക്കൊക്കെ ഒരു പ്രസ് കോണ്‍ഫറന്‍സ് നടത്തിനോക്കൂ. ചോദ്യങ്ങള്‍ നേരിടുന്നത് നല്ല രസമുള്ള കാര്യമാണ്.ഹൈദരാബാദില്‍ രാഹുല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് രാഹുല്‍ മോദിയെ പരിഹസിച്ചു.

നരേന്ദ്രമോദിക്ക് ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വത്തെ കുറിച്ച് പോലും അറിവില്ലെന്നു രാഹുല്‍ ഗാന്ധി നേരത്തെ പരിഹസിച്ചിരുന്നു.’എന്താണ് ഹിന്ദുമതത്തിന്റെ ഉള്ളടക്കം ഭഗവത് ഗീതയില്‍ എന്താണ് പറയുന്നത് ഈ വിവരങ്ങളെല്ലാം നമുക്കറിയാം. നമ്മുടെ പ്രധാനമന്ത്രി പറയുന്നത് അദ്ദേഹം ഹിന്ദുവാണെന്ന്. എന്നാല്‍ സത്യത്തില്‍ അദ്ദേഹത്തിന് ഹിന്ദുത്വത്തിന്റെ അടിസ്ഥാനം പോലും മനസിലാക്കാനുള്ള കഴിവില്ല. എന്ത് ഹിന്ദുവാണ് അദ്ദേഹം’ രാഹുല്‍ ഗാന്ധി സദസ്സിനോട് ചോദിച്ചു.

രാജസ്ഥാനിലെ ഉദയ്പൂരില്‍ ബിസിനസുകാരുടെയും ഉദ്യോഗസ്ഥരുടെയും സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും തനിക്കറിയാമെന്നും ലോകത്തുള്ള സകല ജ്ഞാനവും തന്റെ തലയില്‍ നിന്നുമാണ് ഉദിക്കുന്നതെന്നുമാണ് മോദി കരുന്നതെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

×