രാഹുലിന്‍റെ യുഎഇ സന്ദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത് ഭാവി പ്രധാനമന്ത്രിക്ക് ചേര്‍ന്ന പരിഗണന. ഞാൻ എത്തിയത് നിങ്ങൾ പറയുന്നത് കേൾക്കാനാണെന്ന് ഇന്ത്യന്‍ തൊഴിലാളികളെ നോക്കി രാഹുല്‍

ന്യൂസ് ബ്യൂറോ, ദുബായ്
Friday, January 11, 2019

ദുബായ്– ഇന്ത്യന്‍ സമൂഹത്തിന് ആവേശമായി രാഹുൽ ഗാന്ധിയുടെ ദ്വിദിന യു.എ.ഇ സന്ദര്‍ശനം. യു.എ.ഇ സര്‍ക്കാര്‍ ഭാവി പ്രധാനമന്ത്രി എന്ന എല്ലാ പരിഗണനയിലുമാണ് രാഹുലിന്‍റെ സന്ദര്‍ശനത്തിന് സുരക്ഷയും സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. രാഷ്ട്രത്തലവന്‍മാരുടെ സന്ദര്‍ശനത്തിനു സമാനമായ സുരക്ഷയാണ് രാഹുലിനായി ഒരുക്കിയിരിക്കുന്നത്.

സന്ദര്‍ശനത്തിന്‍റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ലേബര്‍ ക്യാമ്പുകളിലൊന്നായ ജബൽ അലി ലേബർ ക്യാമ്പ് സന്ദർശിച്ച രാഹുല്‍ അവിടെ എണ്ണായിരത്തോളം തൊഴിലാളികളുടെ ഹൃദയം കവര്‍ന്നാണ് മടങ്ങിയത്. ജബൽ അലി ലേബർ ക്യാമ്പിൽ തൊഴിലാളികൾ ഊഷ്മള സ്വീകരണമാണ് യുവ നേതാവിനായി ഒരുക്കിയത്.

ഞാൻ നിങ്ങളെ കാണാൻ എത്തിയത് നിങ്ങൾ പറയുന്നത് കേൾക്കാനാണ്- എന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ തന്‍റെ വാക്കുകള്‍ തുടങ്ങിയത്. അടുത്ത ഭാരത് സർക്കാരിൽനിന്നും നിങ്ങൾ പ്രതീക്ഷിക്കുന്നത് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും നിങ്ങളുടെ ആവേശം ഏറെ കരുതലോടെയാണ് കാണുന്നതെന്നും രാഹുൽ ക്യാമ്പിൽ പറഞ്ഞു.

ഐ.ഒ.സി ഗ്ലോബൽ ചെയർമാൻ സാം പിത്രോഡ, മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ മൻസൂർ പള്ളൂർ എന്നിവർ രാഹുൽ ഗാന്ധിയെ അനുഗമിച്ചു. വൈകിട്ട് നാലിന് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പ്രസംഗിക്കും.

ദുബായിലേയും അബുദാബിയിലേയും ബിസിനസ് കൂട്ടായ്മകൾ ഒരുക്കുന്ന പരിപാടികളിൽ രാഹുൽ മുഖ്യാതിഥിയായിരിക്കും. വിദ്യാർഥികളുമായുള്ള സംവാദം, അബുദാബി ഗ്രാൻഡ് മോസ്‌ക് സന്ദർശനം എന്നിവയും അജണ്ടയിലുണ്ട്.

 

×