Advertisment

ഗാന്ധി വധത്തിലെ ആർഎസ്എസ് പങ്ക്: രാഹുലിനെതിരെ കുറ്റം ചുമത്തി

New Update

Advertisment

മുംബൈ: മഹാത്മ ഗാന്ധി വധവുമായി ബന്ധപ്പെട്ട പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി. മുംബൈയിലെ ഭിവണ്ടി കോടതിയാണ് രാഹുലിനെതിരെ കുറ്റം ചുമത്തിയത്. 2014ൽ നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് ഗാന്ധി വധത്തിൽ ആർഎസ്എസിനു പങ്കുണ്ടെന്ന് രാഹുൽ പ്രസംഗിച്ചത്. ഇതിനെതിരെ പ്രാദേശിക ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുന്തെയാണ് ഹർജി സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

അതേസമയം, ഇക്കാര്യത്തിൽ താൻ കുറ്റക്കാരനല്ലെന്ന് രാഹുൽ കോടതിയെ അറിയിച്ചു. ഭിവണ്ടി കോടതിയിൽ നേരിട്ടെത്തിയാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിൽ നിന്നുള്ള കാര്യമാണ് താൻ പ്രസംഗത്തിൽ പരാമർശിച്ചതെന്നും അദ്ദേഹം വാദിച്ചു. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രാഹുൽ മുബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അദ്ദേഹത്തിന്‍റെ ഹർജി തള്ളിയിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 23ന് രാഹുലിനോട് ഭിവണ്ടി കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ മാത്രമാണെത്തിയത്. ഇതേത്തുടർന്ന് രാഹുൽ നേരിട്ട് ഹാജരാകണമെന്ന് കോടതി അറിയിക്കുകയായിരുന്നു. ഗാന്ധിജിയെ വധിച്ചത് ആർഎസ്എസുകാരാണെന്നും എന്നിട്ടാണിപ്പോൾ അവർ ഗാന്ധിജിയെക്കുറിച്ച് പറയുന്നതെന്നുമായിരുന്നു രാഹുലിന്‍റെ പരാമർശം.

Advertisment