” തനിയെ പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. സീതാരാമന്‍ജി എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞ് 56 ഇഞ്ചുകാരനായ ചൗകീദാര്‍ ജനകീയ കോടതിയില്‍ നിന്നും ഇറങ്ങിയോടി ;നിര്‍മ്മലാ സീതാരാമനെ ഉപയോഗിച്ച് മോഡിക്കിട്ട് കൊട്ടി രാഹുല്‍ഗാന്ധി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 10, 2019

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിവാദത്തില്‍. റാഫേല്‍ ഇടപാടില്‍ നരേന്ദ്രമോഡിയെ ആക്രമിക്കാന്‍ നിര്‍മ്മലാ സീതാരാമന്റെ പാര്‍ലമെന്റിലെ പ്രസംഗം ഉപയോഗിച്ച രാഹുല്‍ കോണ്‍ഗ്രസിന്റെ ഒരു പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.

പാര്‍ലമെന്റില്‍ തടയിടാന്‍ പ്രധാനമന്ത്രിക്ക് ഒരു ‘പെണ്ണിനെ’ കിട്ടി എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ബുധനാഴ്ച ജയ്പൂരില്‍ നടന്ന ഒരു കിസാന്‍ റാലിയില്‍ ” തനിയെ പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. സീതാരാമന്‍ജി എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞ് 56 ഇഞ്ചുകാരനായ ചൗകീദാര്‍ ജനകീയ കോടതിയില്‍ നിന്നും ഇറങ്ങിയോടി. രണ്ടര മണിക്കൂര്‍ ശ്രമിച്ചിട്ടും അയാളെ രക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നത് നിങ്ങള്‍ കണ്ടതാണ് ” എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ അടുത്തിടെ നിര്‍മ്മലാ സീതാരാമന്‍ നടത്തിയ രണ്ടര മണിക്കൂര്‍ നീണ്ട പ്രസംഗമായിരുന്നു രാഹുല്‍ഗാന്ധി പരാമര്‍ശിച്ചത്. സംഭവത്തില്‍ രാഹുലിന് ദേശീയ വനിതാകമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. തൊട്ടു പിന്നാലെ രാഹുല്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് പ്രധാനമന്ത്രിയും രംഗത്ത് എത്തിയിട്ടുണ്ട്. രാഹുല്‍ നടത്തിയത് രാജ്യത്തെ സ്ത്രീകളെ മുഴുവന്‍ ആക്ഷേപിക്കലാണെന്ന് ആഗ്രയില്‍ നടന്ന ഒരു പരിപാടിയില്‍ മോഡി പറഞ്ഞു.

×