Advertisment

സൗദിവൽക്കരണം പരിശോധന ശക്തം, പലരും പേടിച്ച് കടകള്‍ തുറക്കുന്നില്ല .

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്- പുതുതായി സൗദിവൽക്കരണം നിർബന്ധമാക്കിയ മേഖലകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സുരക്ഷാ വകുപ്പുകളും ബന്ധപ്പെട്ട വകുപ്പുകളും ശക്തമായ പരിശോധനകൾ ആരംഭിച്ചു. വിവിധ പ്രവിശ്യകളിൽ നടത്തിയ റെയ്ഡുകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘകർക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു. സൗദിവൽക്കരണ തീരുമാനം ലംഘിച്ച് വിദേശികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് വിദേശികളിൽ ഒരാൾക്ക് ഇരുപതിനായിരം റിയാൽ തോതിലാണ് പിഴ ചുമത്തുന്നത്. ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് ഏതാനും സ്ഥാപനങ്ങളും അധികൃതർ ഇന്നലെ അടപ്പിച്ചു.

Advertisment

publive-image

വൻനഗരങ്ങളിലെ പല ഭാഗങ്ങളിലും ഇന്നലെ കടകൾ അടഞ്ഞുകിടന്നു. ജിദ്ദയിലും റിയാദിലും റെഡിമെയ്ഡ് വസ്ത്രശാലകളിൽ പലതും തുറന്നില്ല. നിശ്ചിത സൗദിവത്കരണം പാലിക്കാനാകാത്ത കടകളാണ് റെയ്ഡുകൾ ഭയന്ന് തുറക്കാതിരുന്നത്. ബത്ഹയിൽ സ്വദേശികളെ നിയമിക്കാത്ത ചില കടകളിൽ 20000 റിയാൽ വീതവും ഇഖാമയിലെ പ്രൊഫഷൻ അനുസരിച്ചുള്ള ജോലി ചെയ്യാത്തതിന് 5000 റിയാൽ വീതവും പിഴയിട്ടു. മുറബ്ബ, ഹാര തുടങ്ങിയ ഏതാനും സ്ഥലങ്ങളിലാണ് ഇന്നലെ കാര്യമായ പരിശോധന നടന്നത്. ഇവിടെ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടപ്പാണ്.

മലയാളികൾ ഏറ്റവുമധികം ജോലി ചെയ്യുന്ന ബത്ഹയിലെ ചില ഭാഗങ്ങളിൽ രാവിലെ പരിശോധന നടന്നിരുന്നു. ഇതോടെ തുറന്നുവെച്ചിരുന്ന കടകളെല്ലാം പൂട്ടി തൊഴിലാളികൾ സ്ഥലം വിട്ടു. വൈകുന്നേരം മിക്കയിടങ്ങളിലും കടകൾ തുറന്നു പ്രവർത്തിച്ചു. അതേസമയം പല വ്യാപാരികളും നേരത്തെ തന്നെ കടകൾ കാലിയാക്കിയിരുന്നു. മറ്റു ചിലർ ഇന്നലെ മുതലാണ് കടകൾ കാലിയാക്കി സാധനങ്ങൾ പാക്ക് ചെയ്തത്.

കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിലാണ് ഇന്നലെ മുതൽ സൗദിവൽക്കരണം നിർബന്ധമാക്കിയത്.

മൂന്നു ഘട്ടങ്ങളിലായി പന്ത്രണ്ടു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പുതിയ സൗദിവൽക്കരണ തീരുമാനം ജനുവരി അവസാനത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിൽ വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതല്‍ നടപ്പാകും.

മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതലും സൗദിവൽക്കരണം നിർബന്ധമാക്കും. ഈ മേഖലകളിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്കെല്ലാം പുതിയ തീരുമാനം ഒരുപോലെ ബാധകമായിരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

പന്ത്രണ്ടു മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുന്നതിലൂടെ അഞ്ചു ലക്ഷത്തോളം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് സാധിക്കുമെന്നാണ് ബന്ധപ്പെട്ടവർ കണക്കാക്കുന്നത്. 4,90,000 ലേറെ തൊഴിലവസരങ്ങൾ സൗദിവൽക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയിലെ ചില്ലറ വ്യാപാര മേഖലാ വികസന വിഭാഗം മേധാവി മഹ്മൂദ് മാസി പറഞ്ഞു. നിലവിൽ ചില്ലറ വ്യാപാര മേഖലയിൽ സൗദിവൽക്കരണം 24 ശതമാനമാണ്.

ബഖാലകൾ പോലുള്ള ചെറുകിട ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ സൗദിവൽക്കരണം പത്തു ശതമാനമാണ്. 2020 ഓടെ ചെറുകിട മേഖലയിൽ സൗദിവൽക്കരണം 24 മുതൽ 50 ശതമാനം വരെയായി ഉയർത്തുന്നതിനാണ് ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിക്കുന്നത്. ചില്ലറ വ്യാപാര മേഖലയിൽ 70 ശതമാനം സ്ഥാപനങ്ങളും ചെറുകിട സ്ഥാപനങ്ങളാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ മേഖലകളിലേക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സൗദിവൽക്കരണം വ്യാപിപ്പിക്കുന്നത്.

Advertisment