Advertisment

റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കാനുള്ള പദ്ധതി വന്‍കിട സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ശുപാര്‍ശ

New Update

റെയില്‍വേ സ്‌റ്റേഷന്‍ വികസനം വന്‍കിട കമ്പനികള്‍ക്ക് നല്‍കാന്‍ ശുപാര്‍ശ. സ്റ്റേഷന്റെ വികസനവും നടത്തിപ്പും ഏറ്റെടുക്കാന്‍ റെയില്‍വേഭൂമി സ്വകാര്യസംരംഭകര്‍ക്ക് 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കുന്നതടക്കമുള്ള ശുപാര്‍ശ അടുത്ത കേന്ദ്രമന്ത്രിസഭായോഗം പരിഗണിക്കും.

Advertisment

രാജ്യമെമ്പാടും 600 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കാനുള്ള പദ്ധതിയാണ് വന്‍കിട സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേസ്റ്റേഷന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും (ഐ.ആര്‍.എസ്.ഡി.സി.) മേഖലാ യൂണിറ്റുകളും ചേര്‍ന്ന് 130 സ്റ്റേഷനുകള്‍ വികസിപ്പിക്കാനാണ് പദ്ധതി. ഇതിനായി പത്തുതരത്തിലുള്ള രൂപകല്‍പ്പന ഐ.ആര്‍.എസ്.ഡി.സി. തയ്യാറാക്കിനല്‍കും.

publive-image

മന്ത്രാലയത്തിന്റെ പുതിയ പദ്ധതിയോടെ മുന്‍പ് റെയില്‍വേ സ്റ്റേഷന്‍ വികസനപ്പട്ടികയില്‍ ഇടംപിടിച്ച കോഴിക്കോട് സ്റ്റേഷന്റെ ഭാവി അനിശ്ചിതത്വത്തിലായി. വാണിജ്യാവശ്യത്തിനുപുറമേ, താമസസൗകര്യത്തിനും റെയില്‍വേഭൂമി വിട്ടുകൊടുക്കാമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നയം. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ 2550 ശതമാനം ചെലവ് റെയില്‍വേ വഹിക്കും. ബാക്കിയുള്ളവ സ്വകാര്യ സംരംഭകരുടെ ചുമതലയായിരിക്കും.

ഡി.എല്‍.എഫ്., റിലയന്‍സ് ഇന്‍ഫ്ര, ജി.എം.ആര്‍. ഗ്രൂപ്പ്, ഷാപ്പൂര്‍ജി പല്ലോഞ്ജി ഗ്രൂപ്പ്, ഹിരനന്ദിനി ഡെവലപ്പേഴ്‌സ് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി കഴിഞ്ഞമാസങ്ങളില്‍ റെയില്‍വേ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷം തയ്യാറാക്കിയതാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കുവെച്ചിട്ടുള്ള പദ്ധതിരേഖ.

സ്റ്റേഷന്‍ പുനര്‍വികസനപദ്ധതി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പ്രാഥമികച്ചെലവായി 3300 കോടി രൂപ വകയിരുത്തുകയും ചെയ്തു. 600 സ്റ്റേഷനുകളുടെ പുനര്‍വികസനത്തിന് ഒരുലക്ഷം കോടി രൂപ ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍. ഏതെങ്കിലും സ്റ്റേഷന്റെ വികസനത്തിന് സ്വകാര്യസംരംഭകരെ കിട്ടിയില്ലെങ്കില്‍ ഐ.ആര്‍.എസ്.ഡി.സി. നിര്‍മാണം പൂര്‍ത്തിയാക്കും.

Advertisment