Advertisment

റെയില്‍വേയില്‍ അയ്യായിരത്തിലേറെ ഒഴിവുകളില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതായി പരസ്യം നല്‍കി സ്വകാര്യ ഏജന്‍സി; ഉദ്യോഗാര്‍ത്ഥികള്‍ 750 രൂപ ഫീസ് അടയ്ക്കണമെന്നും അവസാന തീയതി സെപ്റ്റംബര്‍ 10 ആണെന്നും പരസ്യത്തില്‍ ! തങ്ങളറിയാതെ റിക്രൂട്ട്‌മെന്റ് പരസ്യം വന്നത് കണ്ട് അമ്പരന്ന് റെയില്‍വേ അധികൃതര്‍; 'വ്യാജപരസ്യ'ത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ

New Update

ന്യൂഡല്‍ഹി: റെയില്‍വേയിലെ അയ്യായിരത്തിലേറെ തസ്തികകളിലേക്കുള്ള വ്യാജപരസ്യം നല്‍കിയ സ്വകാര്യ ഏജന്‍സിക്കെതിരെ റെയില്‍വേ നിയമനടപടി ആരംഭിച്ചു. എട്ട് വിഭാഗങ്ങളിലായി 5285 പോസ്റ്റുകളിലേക്ക് റെയില്‍വേ അപേക്ഷ ക്ഷണിച്ചതായി ഒരു പ്രമുഖ പത്രത്തില്‍ വന്ന പരസ്യത്തെ തുടര്‍ന്നാണ് റെയില്‍വേയുടെ നടപടി.

Advertisment

publive-image

ഓഗസ്റ്റ് എട്ടിനായിരുന്നു പത്രത്തില്‍ പരസ്യം വന്നത്. 'അവെസ്ട്രാന്‍ ഇന്‍ഫോടെക്' എന്ന പേരിലുള്ള സ്ഥാപനമായിരുന്നു പത്രത്തില്‍ പരസ്യം നല്‍കിയത്. 11 വര്‍ഷത്തെ കരാടിസ്ഥാനത്തില്‍ റെയില്‍വേ അപേക്ഷ ക്ഷണിക്കുന്നു എന്നായിരുന്നു പരസ്യത്തില്‍.

മാത്രമല്ല, ഉദ്യോഗാര്‍ത്ഥികള്‍ 750 രൂപ ഫീസ് ഓണ്‍ലൈനായി അടയ്ക്കണമെന്നും അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 10 ആണെന്നും പരസ്യത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ഇത് റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

ഇന്ത്യന്‍ റെയില്‍വേയിലേക്കുള്ള റിക്രൂട്ട്‌മെന്റുകളെ സംബന്ധിച്ചുള്ള പരസ്യങ്ങളെല്ലാം റെയില്‍വേ നേരിട്ടാണ് നിര്‍വഹിക്കുന്നതെന്നും സ്വകാര്യ ഏജന്‍സികളെ ഇത് ഏല്‍പ്പിക്കാറില്ലെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രമുഖ പത്രത്തില്‍ വന്ന പരസ്യം വ്യാജമാണെന്നും പ്രസ്താവനയിലൂടെ മന്ത്രാലയം അറിയിച്ചു.

ഏജന്‍സിക്കെതിരെ കര്‍ശന നടപടി ആരംഭിച്ചതായും റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിലേക്കുള്ള വിവിധ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത് 21 റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളും (ആര്‍ആര്‍ബി) 16 റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലുകളും (ആര്‍ആര്‍സി) ആണെന്നും മറ്റ് ഏജന്‍സികള്‍ക്ക് ഇതില്‍ പങ്കില്ലെന്നും റെയില്‍വേ ചൂണ്ടിക്കാട്ടി.

മാത്രമല്ല ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ (ആര്‍ആര്‍ബി, ആര്‍ആര്‍സി) ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ റിക്രൂട്ട്‌മെന്റുകളെ സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.

Advertisment