മഴക്കെടുതിയ്ക്ക് അറുതിയില്ല : 6 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും അവധി. ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, July 11, 2018

കോട്ടയം∙ കനത്ത മഴയെ തുടർന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മലപ്പുറം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പരീക്ഷകൾക്കു മാറ്റമില്ല. പാലക്കാട് ജില്ലയിലും അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കേ‍ാളജുകൾക്ക് അവധി ബാധകമല്ല.

എറണാകുളം ജില്ലയിലെ അംഗൻവാടി മുതൽ ഹയർസെക്കൻഡറി തലംവരെയുള്ള എല്ലാ എല്ലാ വിദ്യാലയങ്ങൾക്കും ജില്ലാ കളക്ടർ 12ന് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ ഐസിഎസ്ഇ ഐഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അംഗനവാടികൾക്കും അവധി ബാധകമാണ്. എന്നാൽ കോളജുകൾക്കും പ്രഫഷനൽ കോളജുകൾക്കും അവധിയില്ല.

കോട്ടയത്തു ഭാഗികമായിട്ടാണ് അവധി; ജില്ലയിൽ അയ്മനം, ആർപ്പുക്കര, തിരുവാർപ്പ്, കുമരകം, എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കോട്ടയം മുനിസിപ്പാലിറ്റിയിലെയും പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും ജില്ലാ കളക്ടർ 12ന് അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പിറയാര്‍ ഗവ. എല്‍പിഎസിന് വ്യാഴാഴ്ച അവധിയാണ്. പൂഞ്ഞാര്‍ മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതായി പി സി ജോര്‍ജ് എം എല്‍ എ യും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് കലക്ടർ യു.വി. ജോസ് അറിയിച്ചു. കേന്ദ്രീയവിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.

മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് 12നു രാവിലെ മുതൽ വയനാട് ചുരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. സ്കാനിയ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങളാണ് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നത്. പ്രതിദിന റൂട്ട് പെർമിറ്റുള്ള കെഎസ്ആർടിസി ഉൾപ്പടെയുള്ള ബസുകൾക്ക് സർവീസ് നടത്താമെന്നും കലക്ടർ അറിയിച്ചു.

വയനാട് ജില്ലയിൽ പ്രഫഷനല്‍ കോളജുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയാണ്. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

×