Advertisment

പുറത്തേക്ക് ഒഴുകുന്നതിനെക്കാള്‍ കൂടുതല്‍ ജലം ഇടുക്കി ഡാമിലേക്ക്; ജലനിരപ്പ് 2402 അടിയിലേക്ക്; പീരുമേട്ടില്‍ 15 സെന്റി മീറ്ററില്‍ അധികം മഴ

New Update

ചെറുതോണി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കണക്കുകൂട്ടലുകള്‍ കവിഞ്ഞ് ജലത്തിന്റെ താണ്ഡവം. ഒന്നൊന്നായി ഷട്ടറുകള്‍ മുഴുവന്‍ തുറന്നിട്ടും പുറത്തേക്കൊഴുകുന്നതിനെക്കാള്‍ കൂടുതല്‍ ജലമാണ് ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്നെണ്ണം ഒരു മീറ്ററും രണ്ടെണ്ണം 50 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. വലിയ അളവില്‍ വെള്ളം കുത്തിയൊലിച്ചെത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെറുതോണി നഗരത്തിലെ പാലം കവിഞ്ഞ് വെള്ളം ഒഴുകി. ഇത് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും ഉയര്‍ന്ന് പാലത്തിന് മുകളിലൂടെ ശക്തിയായി ഒഴുകി.

Advertisment

publive-image

കരയോട് ചേര്‍ന്ന് മരങ്ങളും കാടുപടലങ്ങളും തൂത്തെടുത്താണ് ജലത്തിന്റെ പ്രവാഹം. ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. ചെറുതോണികട്ടപ്പന റൂട്ടില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അഞ്ച് ഷട്ടറുകളും തുറന്നതോടെ സെക്കന്‍ഡില്‍ 300 ക്യുമെക്‌സ് വെള്ളം വീതം പുറത്തേക്കൊഴുക്കിയിരുന്നത് ഘട്ടം ഘട്ടമായി 400,500, 600 ക്യുമെക്‌സ് വീതമാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

നിലവില്‍ 2401.76 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, കഞ്ഞുക്കുഴി, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിലാണ് ജലപ്രവാഹം ബാധിക്കുക. ഇതില്‍ വാഴത്തോപ്പില്‍ 36 ഉം കഞ്ഞുക്കുഴിയില്‍ 80 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ഇടുക്കിയില്‍ നിന്നും വെള്ളം കൂടുതല്‍ ഒഴുക്കിവിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും ആലോചനയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അഞ്ചു ഷട്ടറില്‍ മധ്യഭാഗത്തെ ഷട്ടറായിരുന്നു ഇന്നലെ തുറന്നത്. നാല് മണിക്കൂറാണ് ട്രയല്‍ നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് കൂടികൊണ്ടിരുന്നതിനാല്‍ പുലര്‍ച്ചവരെ ഷട്ടര്‍ തുറന്നിടാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല. പിന്നീട് മൂന്നാമത്തേതും ഉച്ചയ്ക്ക് ഒരു മണിയോടെ നാലമത്തെ ഷട്ടറും തുറന്നു. ഒന്നരയോടെ അഞ്ചാമത്തെ ഷട്ടറും തുറക്കുകയായിരുന്നു.

ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തതു പീരുമേട്ടിലാണ് 15.7 സെന്റീമീറ്റര്‍. ഇടുക്കിയില്‍ 13 സെ.മീയും ലഭിച്ചതായി തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതു കനത്ത മഴയാണ്. രാജ്യത്ത് ഇന്നലെ ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

ഇടുക്കി ഡാമിലേക്കു കുറഞ്ഞത് ഒരാഴ്ചയെങ്കിലും ശക്തമായ നീരൊഴുക്കു തുടരാന്‍ ഇതു പര്യാപ്തം. മഴ കുറഞ്ഞാലും ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യം ഉടനെ ആലോചിക്കാനാവുമോ എന്ന ആശങ്ക തുടരും. തന്നെയുമല്ല, തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെടുന്നുണ്ട്. ഇതു കേരളത്തിലും മഴ കൊണ്ടുവരും. അത് ഇത്രയും ശക്തമായിരിക്കുമോ എന്നു പറയാനാവില്ല.

Advertisment