Advertisment

‘റെയ്നയ്ക്ക് കുറച്ചുകാലം കൂടി കളത്തിൽ തുടരാനാകുമായിരുന്നു; അദ്ദേഹത്തിന് 33 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. പരുക്കിന്റെ പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്നത് സത്യമാണ്. പരുക്ക് അലട്ടാത്ത ഏതു കായികതാരമാണ് ഉള്ളത്?

New Update

സുരേഷ് റെയ്ന രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത് നേരത്തെയായിപ്പോയെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരവും നിലവിൽ കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യൻ ജഴ്സിയിൽ ഇനിയും കളിക്കാനുള്ള ‘ബാല്യം’ റെയ്നയ്ക്കുണ്ടെന്നും ചോപ്ര അഭിപ്രായപ്പെട്ടു. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സ്വാതന്ത്ര്യദിനത്തിലാണ് മുപ്പത്തിമൂന്നുകാരനായ റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചത്. 2018നു ശേഷം ഇന്ത്യൻ ജഴ്സിയിൽ കളിക്കാൻ റെയ്നയ്ക്ക് അവസരം ലഭിച്ചിട്ടില്ല.

Advertisment

publive-image

കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരി‍ൽ ഒരാളും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളുമാണ് റെയ്ന. ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യൻ താരവും റെയ്ന തന്നെ.

‘റെയ്നയ്ക്ക് കുറച്ചുകാലം കൂടി കളത്തിൽ തുടരാനാകുമായിരുന്നുവെന്ന് ഉറപ്പാണ്. അദ്ദേഹം ഇപ്പോൾ വിരമിക്കേണ്ടിയിരുന്നില്ല. അദ്ദേഹത്തിന് 33 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. പരുക്കിന്റെ പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്നത് സത്യമാണ്. പരുക്ക് അലട്ടാത്ത ഏതു കായികതാരമാണ് ഉള്ളത്? ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം അദ്ദേഹം കൂടുതൽ കരുത്തനായിട്ടുണ്ട്. ശരീരക്ഷമതയും കൂടി. കളത്തിലേക്ക് ശക്തമായൊരു തിരിച്ചുവരവിനുള്ള അവസരമായിരുന്നു ഇത്’ – ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

രാജ്യാന്തര ക്രിക്കറ്റിൽനിന്ന് മഹേന്ദ്രസിങ് ധോണി വിരമിച്ചത് മനസ്സിലാക്കാവുന്നതേ ഉള്ളൂവെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. ഈ വർഷം ട്വന്റി20 ലോകകപ്പ് കൂടി കളിച്ച് കളമൊഴിയാനാകാം അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ, കോവിഡ് വ്യാപനത്തോടെ ലോകകപ്പ് നീട്ടിവച്ചത് അദ്ദേഹത്തിന്റെ വിരമിക്കൽ തീരുമാനം പെട്ടെന്നാക്കി.

പക്ഷേ, ധോണിയെ മാതൃകയാക്കി വിരമിക്കൽ പ്രഖ്യാപിച്ച സുരേഷ് റെയ്ന താരതമ്യേന ചെറുപ്പമാണ്. രണ്ട് ഐപിഎൽ സീസണുകളിലെ ശ്രദ്ധേയമായ പ്രകടനത്തിലൂെട 2021ലെ ട്വന്റി20 ലോകകപ്പിനു മുൻപ് അദ്ദേഹത്തിന് സിലക്ടർമാരുടെ ശ്രദ്ധ കവരാൻ അവസരമുണ്ടായിരുന്നുവെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

‘ധോണി വിരമിച്ചതിന്റെ കാരണം നമുക്കു മനസ്സിലാക്കാം. പക്ഷേ, അത്തരമൊരു സാഹചര്യമായിരുന്നില്ല റെയ്നയുടേത്. അദ്ദേഹം ദയവു ചെയ്ത് ഷാഹിദ് അഫ്രീദിയെ മാതൃകയാക്കി വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചുവരണം. ഐപിഎൽ 2020, 2021 എന്നിവയിൽ മികച്ച പ്രകടനം പുറത്തെടുത്ത് ദേശീയ ശ്രദ്ധയിലെത്താൻ അദ്ദേഹത്തിന് അവസരമുണ്ട്’ – ചോപ്ര പറഞ്ഞു.

sports news suresh reina
Advertisment