മഴക്കാലത്ത് വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ..

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, December 19, 2017

മഴക്കാലത്ത് കരുതലോടെ വാഹനം ഡ്രൈവ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. മഴക്കാലത്ത് വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍;

മഴക്കാലത്ത് കണ്ണിനു മുകളിൽ ഒരു കൈ പിടിച്ച് വാഹനം ഓടിക്കുന്നവരുണ്ട്. അതുപോലെ വാഹനത്തിന്റെ പിൻസീറ്റിൽ ഇരുന്ന് കുട നിവർത്തി ഡ്രൈവിങ്ങിനെ സഹായിക്കുന്നവരുമുണ്ട്. ചില അഭ്യാസികൾ ഒരു കുട കയ്യിൽ പിടിച്ചും മറ്റേ കയ്യിൽ ആക്സിലേറ്ററുമായും വാഹനം ഓടിക്കുന്നു. കാറ്റ് കൊണ്ട് കുട വശങ്ങളിലേക്കും മറ്റും ചെരിയുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ തെറ്റിപ്പോയി അപകടങ്ങൾ ഉണ്ടാകുന്നു.

വില കൂടിയ മൊബൈൽ ഫോണുകൾ നനഞ്ഞ് കേടായിപ്പോകും എന്ന പേടിയുള്ളതുകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കില്ലെങ്കിലും പലപ്പോഴും സുരക്ഷിത സ്ഥാനങ്ങളിൽ മൊബൈൽവച്ച്, അതിൽ നിന്നും ഇയർഫോൺ കുത്തി പാട്ട് കേട്ട് വാഹനം ഓടിക്കുന്ന ആളുകളെയും നമുക്കു കാണാം. ജീവിതകാലം മുഴുവൻ കിടപ്പിൽ തന്നെ പാട്ട് കേൾക്കേണ്ടിവരുമെന്നതിനാൽ അത്തരം ശീലങ്ങൾ ദയവായി ഒഴിവാക്കുക. ‘ബ്ളൂ ടൂത്ത്’ ഉപകരണത്തിന്റെ ഉപയോഗവും ഒഴിവാക്കാം.

മഴ തുടങ്ങുന്നതിന്നു തൊട്ടുമുൻപു ലക്ഷ്യത്തിലെത്താൻ കുതിച്ചു പായുന്ന ടൂവീലറുകളെ നിരത്തിൽ കാണാം. ഈ തത്രപ്പാടിൽ ട്രാഫിക് സിഗ്‌നലുകൾക്കും സ്പീഡ് പരിധിക്കും പ്രസക്തിയില്ല. റെയിൻകോട്ടും മറ്റും ആദ്യമേ ധരിച്ച് ഇത്തരം ധൃതിയിൽനിന്നു സ്വയം ഒഴിവാകാം. സിഗ്നലുകളിലും ജംക്‌ഷനുകളിലും മറ്റും കിടക്കുമ്പോൾ ഏറ്റവും ആദ്യം കുതിച്ചു പായുവാൻ പ്രാപ്തിയാർക്ക് എന്ന മൽസരം ടൂ വീലറുകളിൽ മിക്കവാറും നടക്കാറുണ്ട്.

വാഹനം റോഡുകളിൽ ലൈൻ മാറ്റുമ്പോൾ അപകടങ്ങളുടെ സാധ്യതയും വർധിക്കുന്നു. എന്നിരുന്നാലും ബ്ലോക്കുകളിലും മറ്റും സർക്കസ് അഭ്യാസികളെപ്പോലെ ലൈൻ വെട്ടിച്ചു വെട്ടിച്ച് മുന്നേറുന്ന ഒട്ടേറെ ടൂവീലർ സാരഥികളെ കാണാം. മറ്റു വാഹനങ്ങൾ ഇവരുടെ പ്രതീക്ഷിത നുഴഞ്ഞുകയറ്റം കാണാത്തതുകൊണ്ട് അപകടങ്ങൾ തുടർക്കഥയാകുന്നു. ശ്രദ്ധയോടെ ലെയ്ൻ ട്രാഫിക്കിൽ മുൻകൂർ ഇൻഡിക്കേറ്ററുകൾ പ്രകാശിപ്പിച്ചും മറ്റും മാത്രം ഡ്രൈവിങ് നടത്തേണ്ടതാണ്.

മഴയത്ത് പൊലീസ് ചെക്കിങ് സാധ്യത കുറവാണ് എന്ന മുൻവിധിയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നത് തീർച്ചയായും അപകടത്തിനു കാരണമാകുന്നു.

ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നതുകൊണ്ട് ടൂവീലർ ഡ്രൈവർമാർ രണ്ടു കയ്യും ഹാൻഡിലിൽ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക. ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്.

വാഹനം കൈമാറി ഉപയോഗിക്കുന്നത് മഴക്കാലത്ത് പൂർണമായും ഒഴിവാക്കേണ്ടതാണ്. സൂപ്പർ ‍ബൈക്കുകളും മറ്റും ഒരു കാരണവശാലും കൂട്ടുകാർക്കു ‘കടം’ കൊടുക്കാതിരിക്കുക.

×