Advertisment

സ്വാതന്ത്യ്രസമര സേനാനി രൈരു നായർ അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

കോഴിക്കോട്: സ്വാതന്ത്യ്രസമര സേനാനിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ സി. രൈരു നായര്‍ (99) അന്തരിച്ചു. കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരചടങ്ങുകൾ കണ്ണൂർ ധർമ്മടത്തെ വീട്ടുവളപ്പിൽ ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കും.

1922 ഫെബ്രുവരി 10ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ഇടത്തരം കര്‍ഷക കുടുംബത്തിലാണ് രൈരു നായർ ജനിച്ചത്. വിദ്യാഭ്യാസ കാലത്തു തന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ആകൃഷ്ടനായി. അങ്ങനെ വാർധയിലെത്തി. ഗാന്ധിജിക്കൊപ്പം അവിടെ കഴിയുമ്പോഴാണ് നേതാജിയെ കണ്ടത്. നേതാജി രൈരുനായരിലെ വിപ്ലവ കാരിയെ കാര്യമായി സ്വാധീനിച്ചു.

8 മാസം മഗൻവാടി സേവാഗ്രാമത്തിൽ കൈത്തൊഴിലുമായി കഴിഞ്ഞു. തിരിച്ചെത്തി പഠനം പൂർത്തിയാക്കി. 1955 ൽ ജ്യേഷ്ഠനും ഐഎന്‍എ പ്രവര്‍ത്തകനുമായിരുന്ന കെപിഎന്‍ നായര്‍ക്കൊപ്പം മലേഷ്യയിലേക്ക് പോയി. മലേഷ്യയിലെത്തി ഇന്ത്യൻ നാഷനൽ ആർമിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.

ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്തു. തിരികെ വന്ന് കോഴിക്കോട്ട് ഇംഗ്ലിഷ് മരുന്നു കട തുടങ്ങി. കോഴിക്കോട് എത്തിയപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്തു. എ.കെ.ജി.യും ഇ.എം.എസ്സും മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ള നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

ഭാര്യ നാരായണി. മക്കൾ: പ്രദീപ് കുമാർ, പ്രവീണ, പ്രസന്ന, ഡോ. പ്രീത ചാത്തോത്ത്, തനൂജ. മരുമക്കൾ: ഭാരതി, സുരേഷ് ചന്ദ്രമേനോൻ, പരേതനായ വിങ് കമാൻഡർ ഡേവിഡ് ഡോസൺ, പുരുഷോത്തം ബച്ചാനി, എൻ.ജി.ജി. നായർ.

മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

രൈരു നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു . രൈരു നായര്‍ തനിക്ക് പിതൃതുല്യനായിരുന്നുവെന്ന് പിണറായി പറഞ്ഞു.

‘അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

https://www.facebook.com/PinarayiVijayan/posts/3162752787149863

Advertisment