Advertisment

രാജമലയില്‍ പോകാതെ കരിപ്പൂരില്‍ മാത്രം എന്തിന് പോയി ? വിശദീകരണവുമായി മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമലയില്‍ പോകാതെ വിമാന ദുരന്തമുണ്ടായ കരിപ്പൂരില്‍ മാത്രം പോയത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അവിടെ പോകാതിരുന്നത്. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ചികിത്സയില്‍ കഴിയുന്നവര്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്ന് മനസിലാക്കാനാണ് കോഴിക്കോട് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ രാജമലയില്‍ നടക്കുന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എം.എം മണി എന്നിവര്‍ രാജമലയില്‍ ക്യാമ്പുചെയ്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്.

അവിടെ എത്തിച്ചേരാന്‍പോലും കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ഹെലിക്കോപ്റ്ററില്‍ അവര്‍ അവിടെയെത്താന്‍ ആലോചന നടത്തി. രണ്ടു തവണ ആലോചിച്ചുവെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തിനാല്‍ അതിന് സാധിച്ചില്ല. തുടര്‍ന്നാണ് മന്ത്രിമാര്‍ കാറില്‍ അവിടേക്ക് പോയത്.

കരിപ്പൂരില്‍ അതിവിദഗ്ധമായ രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. അതിവേഗം നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ എല്ലാവരും പ്രശംസിക്കുകയാണ്. അപകടത്തിന്റെ ഭീകരത സ്ഥലം നേരിട്ട് കണ്ടപ്പോഴാണ് മനസിലാക്കാന്‍ കഴിഞ്ഞത്. രാജമല സന്ദര്‍ശിക്കാതെ കോഴിക്കോട്ട് പോയതില്‍ വേര്‍തിരിവിന്റെ പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment